കല്യാണത്തണ്ടിലെ കുടിയൊഴിപ്പിക്കൽ നടപടി;ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങി കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി.കല്യാണത്തണ്ടിൽ ചൊവ്വാഴ്ച ജനകീയ സംഗമം
കട്ടപ്പന കല്ല്യാണത്തണ്ടില്‍ താമസിക്കുന്നവരെ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് ജനകീയ സമരത്തിനൊരുങ്ങുന്നു. 20ന് വൈകിട്ട് 5ന് കല്യാണത്തണ്ട് മാളിയേക്കല്‍ ശിവന്റെ വസതിയില്‍ ജനകീയ സംഗമം നടത്തുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കട്ടപ്പന വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 60 ല്‍ 17, 19 എന്നീ സർവ്വേ നമ്പരുകളില്‍ പുല്ലുമേട് എന്നും 18 ല്‍ ഏലമലക്കാട് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ പുല്ലുമേടായി രേഖപ്പെടുത്തിയിട്ടുള്ള 17, 19 എന്നീ സർവ്വേ നമ്പരുകളില്‍ പെട്ട സ്ഥലത്താണ് കഴിഞ്ഞദിവസം സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ചത്. പ്രദേശത്തെ കര്‍ഷകര്‍ കാലങ്ങളായി പട്ടയ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പുല്ലുമേട് എന്ന കാരണത്താല്‍ പട്ടയം നിഷേധിക്കുന്ന സ്ഥിതിയാണ്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ തന്നെയാണ് 350 ഓളം കുടുംബങ്ങള്‍ ഗുണഭോക്താക്കളായ കട്ടപ്പന നഗരസഭ ഫണ്ട് അനുവദിച്ചുള്ള കുടിവെള്ളപദ്ധതി നിലനില്‍ക്കുന്നത്.
37 ഏക്കറോളം ഭൂമിയില്‍ കാലങ്ങളായി താമസിച്ചുവരുന്ന 43 കുടുംബങ്ങളാണ് സര്‍ക്കാര്‍ നടപടിയിലൂടെ ഭവനരഹിതരാകുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.സിഎച്ച്ആര്‍ മേഖല വനഭൂമിയാക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കൃഷിസ്ഥലങ്ങള്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
മന്ത്രി റോഷി അഗസ്റ്റിന്‍ പിണറായിയുടേയും സിപിഎമ്മിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ നിലപാട് സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കണം എന്നും നേതാക്കൾ ആവശ്യപ്പെട്ടു.കല്ല്യാണത്തണ്ട് മേഖലയിലെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. വില്ലേജ് ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ചക്കുംമൂട്ടില്‍, റൂബി വേഴമ്പത്തോട്ടം, ജോസ് ആനക്കല്ലില്‍, കെ.പി. ജയ്‌മോന്‍, കെ.ഡി രാധാകൃഷണന്‍ നായര്‍, ശിവന്‍ മാളിയേക്കല്‍, സി എം തങ്കച്ചന്‍, ബാബു പുളിക്കല്‍, രാജു വെട്ടിക്കല്‍, പി ജെ ബാബു, റെജി മാത്യു, അരുണ്‍ കാപ്പുകാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.



