വാഴത്തോപ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ അടിത്തറയ്ക്ക് ഭീഷണിയായി വൻതോതിൽ മണ്ണ് ഇടിഞ്ഞു വീണു
വാഴത്തോപ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ അടിത്തറയ്ക്ക് ഭീഷണിയായി വൻതോതിൽ മണ്ണ് ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് ഇവിടെ മണ്ണിടിഞ്ഞത്. 2013 ൽ ക്ഷേത്രത്തിന് ഭീക്ഷണിയായി സമാന രീതിയിൽ മണ്ണിടിഞ്ഞിരുന്നു. എന്നാൽ അത് എം.എൽ.എ ആയിരുന്ന റോഷി അഗസ്റ്റിൻ്റെ ഫണ്ടുപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിച്ചിരുന്നു. 2018-ൽ അതിശക്തമായ പ്രളയത്തിൽ പോലും ഇത്രമേൽ അപകടകരമായ രീതിയിൽ ഇവിടെ മണ്ണിടിഞ്ഞിരുന്നില്ല.
ക്ഷേത്ര ശ്രീകോവിലിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമ്മാണത്തിലിരിക്കെയാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. അടിയന്തിരമായി സംരക്ഷണ സംവിധാനം ഒരുക്കിയില്ലെങ്കിൽ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയിലാണ് ക്ഷേത്രം ഭരണസമിതിയും വിശ്വാസികളും.