ഭൂമി കയ്യേറ്റത്തിനെതിരെ സിപിഐയുടെ പീരുമേട് താലൂക്ക് ഓഫീസ് മാർച്ച്;എം എൽഎയുടെ പ്രസ്താവന കയ്യേറ്റക്കാരെ സംരക്ഷിക്കാൻ, സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ
ജില്ലയിലെ കയ്യേറ്റ ഭൂമി ഏറ്റെടുത്ത് തോട്ടം തൊഴിലാളികൾക്കും ഭൂരഹിതരായ പാവപ്പെട്ടവർക്കും വിതരണം ചെയ്യണമെന്നും, തോട്ടങ്ങൾ മുറിച്ച് വിൽക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സി പി ഐനവംബർ 10 ന് നടത്തുന്ന സമരത്തിനെതിരെ പീരുമേട് എം എൽ എ രംഗത്ത് വന്നതോടെ കയ്യേറ്റ മാഫിയയുടെ സംരക്ഷകർ ആരെന്ന് തെളിഞ്ഞുവെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പ്രസ്താവിച്ചു.തോട്ടഭൂമിയിൽ മരം മുറിക്കലും നിരവധി ജെസിബി കൾ ഉപയോഗിച്ച് കൊണ്ടുള്ള മണ്ണ് നീക്കം ചെയ്യലും സിപിഐ സംഘം നേരിൽ കണ്ട് ബോധ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മാത്രമാണ് സിപിഐ സമരമെന്ന വ്യാഖ്യാനം അടിസ്ഥാന രഹിതമാണെന്നും എൽഡിഎഫ് അധികാരത്തിലിരുന്ന 2025 മാർച്ച് 23 ന് സിപിഐ ഇത്തരം വിഷയങ്ങളിന്മേൽ പീരുമേട് താലൂക്ക് ഓഫീസ് മാർച്ച് സംഘടിപ്പിച്ചതാണെന്നും അതിനെ തുടർന്ന് ഏറ്റെടുത്ത കയ്യേറ്റ ഭൂമിയിൽ സർക്കാർ സ്ഥാപിച്ച ബോർഡുകൾ പോലും നീക്കം ചെയ്താണ് ഇപ്പോൾ അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2024 നവംബർ 1 ന് സിപിഐ സംഘടിപ്പിച്ച ദേവികുളം ആർ ഡി ഒ ഓഫീസ് മാർച്ചും വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
യു ഡി എഫ് അധികാരത്തിലേറിയ ആദ്യ ആഴ്ച്ച മുതൽ കയ്യേറ്റങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ജൂലൈ 27 ന് മുഖ്യമന്ത്രിയ്ക്ക് സി പി ഐ നിവേദനം നൽകിയിരുന്നുവെന്നും ,ഡിസംബറിലെ നിയമസഭാ സമ്മേളനത്തിൽ തങ്ങൾക്കനുകൂലമായി രണ്ടാം ഭൂപരിഷ്‌ക്കരണ നിയമം പാസ്സാക്കുമെന്ന വാർത്ത പരന്നതോടെ ജില്ലയിലെ ഭൂമി കയ്യേറ്റ മാഫിയായും ,തോട്ടഭൂമി മുറിച്ച് വിൽക്കുന്ന സംഘവും സജീവമാണെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
കയ്യേറ്റങ്ങൾക്കും തോട്ടഭൂമി മുറിച്ച് വിൽക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ആരംഭമാണ് നവംബർ 10 ന് നടക്കുന്നതെന്നും തുടർന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ പീരുമേട് താലൂക്കിലും ചിന്നക്കനാൽ ഉൾപ്പെടെ ജില്ലയിൽ കയ്യേറ്റം നടക്കുന്ന കേന്ദ്രങ്ങളിലും സന്ദർശനം നടത്തുകയും ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



