യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെയും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെയും നിരുത്തരവാദിത്വത്തിനെതിരെ മാർച്ച് സംഘടിപ്പിച്ചു

ഇടുക്കി ജില്ലയെ ബാധിച്ചിരിക്കുന്ന കൊടിയ വരൾച്ചക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ജലവിതരണ വകുപ്പിനും, വകുപ്പ് മന്ത്രിയ്ക്കും എതിരെയാണ് യൂത്ത് കോൺഗ്രസ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പരിഹരിക്കാൻ ഉത്തരവാദിത്വമുള്ള ജല വിതരണ വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തന്റെ സ്വന്തം മണ്ഡലത്തിനെ പോലും ഇക്കാര്യത്തിൽ ഗമിനിക്കുന്നില്ല. ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.
കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് വെള്ളയാംകുടി ജലവിതരണ വകുപ്പ് ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടുകുഴി പ്രതിഷേധ യോഗം ഉത്‌ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുപ്പിച്ച് ആനയിച്ചു നടത്താൻ മാത്രമേ റോഷി അഗസ്റ്റിന് കഴിയുന്നുള്ളൂ, കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ജില്ലയിലെ പ്രതിസന്ധിക്കെതിരെ ഒരു നടപടിയും മന്ത്രി സ്വീകരിക്കുന്നില്ല.
നിരുത്തരവാദപരമായ നയമാണ് വാട്ടർ അതോറിറ്റി സ്വീകരിക്കുന്നത് എന്നും ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു . വാട്ടർ അതോറിറ്റിയുടെ കീഴിൽ ജില്ലയിൽ മുടങ്ങി കിടക്കുന്ന ശുദ്ധജല വിതരണം പുനഃ സ്ഥാപിക്കുക ,പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുക, ജില്ലയിൽ ഉണ്ടായിരിക്കുന്ന ക്യഷിനാശത്തെക്കുറിച്ച് പഠിക്കുവാൻ സർക്കാർ സമിതിയെ നിയോഗിക്കുകയും, ക്യഷി നാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യുക, മന്ത്രി റോഷി അഗസ്റ്റിൻ മൗനം വെടിയുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ നേതാക്കൾ ഉന്നയിച്ചു .
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജോമോൺ പി.ജെ, അഡ്വ.മോബിൻ മാത്യു , ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ , കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് രാജിവ് , ഷാനു ഷാഹുൽ , ബിബിൻ അഗസ്റ്റിൻ, മനു സി.എൽ, റെമിസ് കൂരപ്പള്ളി, ആൽബിൻ മണ്ണഞ്ചേരിൽ , ആനന്ദ് തോമസ് , തോമസ് മൈക്കിൾ ,സിജു ചക്കുമൂട്ടിൽ,എ.എം സന്തോഷ് , സജീവ് കെ.എസ്, റോബിൻ ജോർജ് , ടിനു ദേവസ്യാ, നവീൻ സെബാസ്റ്റ്യൻ, സിബി മാത്യു എന്നിവർ പങ്കെടുത്തു.