KSRTC-ക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി, റോഡുകള്‍ക്കായി 1000 കോടിയും ഉറപ്പാക്കി ബജറ്റ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയുടെ വികസനത്തിനായി സമഗ്രമായ നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കുന്ന തുക തന്നെ ഇതിന്റെ തെളിവായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2016-21 കാലഘട്ടത്തില്‍ 5002.13 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് 1463.86 കോടിയാണ് നല്‍കിയിരുന്നത്.അതേസമയം, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 4917.92 കോടി രൂപയാണ് അനുവദിച്ച് നല്‍കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ, വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിക്ക് 128.54 കോടി രൂപയാണ് പദ്ധതിയിനത്തില്‍ ഈ ബജറ്റില്‍ അനുവദിച്ച് നല്‍കിയിരിക്കുന്നത്. പഴയ ബസുകള്‍ മാറ്റി കൂടുതല്‍ പുതിയ ബസുകള്‍ നിരത്തിലെത്തിക്കുകയെന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ മുന്നിലുള്ള ഏറ്റവും പുതിയ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ ബി.എസ്.6 നിലവാരത്തിലുള്ള ഡീസല്‍ ബസുകള്‍ വാങ്ങിക്കുന്നതിനായി 92 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, മോട്ടോര്‍ വാഹനവകുപ്പിനായി 35.52 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ പാതകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ധനകാര്യവകുപ്പ് വൈകാതെ അറിയിക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്. ഇവയ്ക്ക് പുറമെ, സംസ്ഥാന പാതകളുടെ വികസപ്രവര്‍ത്തനങ്ങള്‍ക്കായി 75 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ റോഡുകളുടെ വികസനങ്ങള്‍ക്കായി 288.27 രൂപയും വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതികള്‍ക്കായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പാതകളിലെ കലുങ്കുകളുടെ നിര്‍മാണത്തിനായി 50 കോടി രൂപ, നബാഡ് സഹായത്തോടെ നവീകരിക്കുന്ന പാലങ്ങള്‍ക്ക് 95 കോടി രൂപ, പ്രധാനപ്പെട്ട ജില്ലാ റോഡുകളിലെ പാലങ്ങളുടെയും കലുങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി 66 കോടി രൂപ, നിലവിലുള്ള പാലങ്ങളുടെ സംരക്ഷണത്തിനും പൊതുനിര്‍മാണത്തിനായുമായി 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 517.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 37 റോഡുകളുടെ നവീകരണം സെന്‍ട്രല്‍ റോഡ് ഫണ്ട് മുഖേന നടന്നുവരുന്നുണ്ട്. ഈ പദ്ധതിക്കായി 61.85 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.