ചങ്ങമ്പുഴ പാര്‍ക്കിന് സമീപം കേട്ടത് ചെവി പൊട്ടുന്ന ശബ്ദം; നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ദാരുണ കാഴ്ച; കൊച്ചി മെട്രോ തൂണില്‍ ഇടിച്ച് വീണ്ടും അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തില്‍പ്പറമ്പില്‍ വീട്ടില്‍ റോയിയുടെ മകൻ അൻസല്‍ റോയി (24) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.അൻസല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് 462-ാം നമ്പർ മെട്രോ പില്ലറില്‍ ആഞ്ഞടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അൻസലിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ അൻസല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. സന്തോഷത്തോടെ വീട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി.എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടർന്ന് ഇടപ്പള്ളി പെൻ റോഡിലെ തോപ്പില്‍ മേരി ക്യൂൻ ചർച്ച് സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. ഫെലീഷ്യയാണ് അൻസലിന്റെ മാതാവ്. ഏക സഹോദരി: ആൻ.

