ഇത് കുട്ടിക്കളിയല്ല : ആരോഗ്യവിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് കുട്ടി പാര്‍ലമെന്റ്
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങള്‍ ചർച്ചക്കെത്തിയപ്പോള്‍ കേരളത്തിന്റെ പ്രവർത്തനങ്ങള്‍ മാതൃകയാക്കാൻ ബാലപാർലമെന്റില്‍ നിർദേശം.ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെന്റില്‍ രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചർച്ച ചെയ്യപ്പെട്ടു. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ , വിദ്യാഭ്യാസം, ബാലവിവാഹം, തുടങ്ങിയവ ഗൗരവസ്വഭാവത്തോടെ കുട്ടികള്‍ കൈകാര്യം ചെയ്തു. ചെറുതോണി ടൗണ്‍ ഹാളാണ് കഴിഞ്ഞ ദിവസം ബാലപാർലമെന്റിന് വേദിയായത്. രാഷ്ട്രപതിയായി രാജാക്കാട് സ്വദേശി ഗൗരിനന്ദ രാജൻ , ഉപരാഷ്ട്രപതിയായി കട്ടപ്പന സ്വദേശി ഗോകുല്‍ , സ്പീക്കറായി പീരുമേട് സ്വദേശി രാഹുല്‍ ആർ നായർ , പ്രധാനമന്ത്രിയായി ഏലപ്പാറ സ്വദേശി അഭിറാം മനോജ് , പ്രതിപക്ഷ നേതാവിന്റെ ചുമതല വെണ്മണിയില്‍ നിന്നുള്ള അദീന സിബി എന്നിവർ നിർവഹിച്ചു. പാർലമെന്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ മന്ത്രിമാരായി.തെരഞ്ഞെടുക്കപ്പെട്ട നിവേദ്യ, സർവേശ്, ദേവൂട്ടി, അല്‍ക്ക, പവിത്ര, അനത്യ, ഇഹ്സാൻ, വൈഗ, ഇൻഷാ, എന്നിവർ മറുപടി നല്കി. മുൻ എംപി അഡ്വ. ജോയിസ് ജോർജ്ജാണ് ബാലപാർലമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്.ജനാധിപത്യസംവിധാനങ്ങളുടെ ആവശ്യകത, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമസമിതി കുട്ടികളുടെ ബാലപാര്‍ലമെന്റ് വിളിച്ചുചേർത്തത്.ജനാധിപത്യത്തെ പരിചയപ്പെടുന്നതോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനവും പരിപാടിയുടെ ലക്ഷ്യമായിരുന്നു. പാര്‍ലമെന്റിന്റെ പൊതുനടത്തിപ്പും , അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ഉള്‍പ്പെടുത്തി ഒരു യഥാര്‍ത്ഥ പാര്‍ലമെന്റായി ബാലപാർലമെന്റ് മാറുന്ന കാഴ്ചയായിരുന്നു ചെറുതോണി ടൗണ്‍ ഹാളില്‍ കണ്ടത്.ജില്ലാ പഞ്ചായത്ത് മെമ്ബർ കെ. ജി സത്യൻ, ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , ലൈബ്രറി കൗണ്‍സില്‍ പ്രവർത്തകർ, വിവിധ മേഖലകളില്‍ നിന്നെത്തിയ കുട്ടികള്‍ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു