മാത്യു കുഴൽനാടൻ്റെ ഭൂമി കയ്യേറ്റം ശരിവച്ച് റവന്യൂ വകുപ്പും; ഉടുമ്പൻചോല എൽ എ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി
മാത്യു കുഴൽനാടൻ്റെ ഭൂമി കയ്യേറ്റം റവന്യൂ വകുപ്പും ശരിവച്ചു. മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരി വച്ച് ഉടുമ്പൻചോല എൽ എ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മാത്യു കുഴൽനാടൻ എം എൽ എ കഴിഞ്ഞ ദിവസം വിജിലൻസിന് മൊഴി നൽകിയിരുന്നു. മാത്യുവിന്റെ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ റവന്യു വകുപ്പിന് ശുപാർശ നൽകാനും വിജിലൻസ് തീരുമാനിച്ചിരുന്നു. 50 സെന്റ് സ്ഥലം സർക്കാർ ഭൂമിയാണെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ഇപ്പോൾ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലും ഭൂമി കയ്യേറ്റം നടന്നതായാണ് കണ്ടെത്തൽ.