ചിന്നക്കനാൽ ബി എൽ റാവിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ അപകടനില തരണം ചെയ്‌തു

ചിന്നക്കനാൽ ബി എൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജിനാണ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്.ഇന്നലെ രണ്ട് മണിയോട് കൂടിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സൗന്ദർരാജിൻ്റെ ഇരുകൈകളും ഒടിയുകയും ദേഹത്ത് ചതവ് ഏൽക്കുകയും ചെയ്തു. ഇദ്ദേഹംതേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.അപകടനില തരണം ചെയ്ത് സൗന്ദർരാജിന്റെ ഇരുകൈകളുടെയും ശസ്ത്രക്രിയ പൂർത്തീകരിച്ചതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു .കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്കു മുമ്പ് വീണു പരിക്കേറ്റതിനാൽ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇദ്ദേഹത്തിൻ്റെ കൊച്ചു മകൻ റെയ്സനും കൃഷിയിടത്തിൽ ഉണ്ടായിരുന്നു. സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്സൻ ഓടി റോഡിലെത്തി പ്രദേശവാസികളെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ആന അവിടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരത്തിയ ശേഷം സൗന്ദർരാജനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.