മൂന്നാറിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മൂന്നാറിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിനോദ സഞ്ചാരി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. എറണാകുളം തമ്മനം സ്വദേശി വിപിൻ ജയകൃഷ്ണൻ (23) ആണ് മരിച്ചത്. തൃക്കാക്കര കെഎംഎം കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ് വിപിൻ.മൂന്നാർ ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ ഇന്ന് പകൽ 1.30 ഓടെയാണ് അപകടം. കാന്തല്ലൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് എട്ടാം മൈലിനു സമീപം എസ് വളവിൽ വച്ച് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചോര വാർന്ന് റോഡിൽ കിടന്നിരുന്ന വിപിനെ അരമണിക്കൂറിന് ശേഷമാണ് കാറിൽ കയറ്റി മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്. വിപിൻ ജയ കൃഷ്ണൻ വഴിമധ്യേ മരിച്ചു. ആറ് ബൈക്കുകളിലായി 12 അംഗ സംഘമാണ് മൂന്നാറിലെത്തിയത്.



