വണ്ടിപ്പെരിയാറിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

ആനക്കുഴി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ റെജിയുടെ മൃതദേഹമാണ് കുളത്തിൽ കണ്ടത്. പീരുമേട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു.ആനക്കുഴിയിൽ നിന്നും വെള്ളാരംകുന്നിലേക്ക് പോകുന്ന വഴിക്ക് ഇടയിലുള്ള കുളത്തിന് സമീപം ആനക്കുഴി സ്വദേശി റെജി ഓടിക്കുന്ന ഓട്ടോറിക്ഷയും ഇയാളുടെ മൊബൈൽ ഫോണും ചെരുപ്പും കണ്ടിരുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി, നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് ആനക്കുഴി നാലാം നമ്പർ പമ്പ് സെറ്റ് കുളത്തിൽ നിന്നും റെജിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് മൃതദേഹം കുമളി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.