ഇടുക്കി ശാന്തൻപാറയില്‍ വന്യമൃഗ വേട്ട; ഏഴ് പേർ പിടിയിൽ: തോക്കും, മുള്ളന്‍പന്നിയുടെ ഇറച്ചിയും കണ്ടെടുത്തു
ഇടുക്കി ശാന്തമ്പാറയിലെ എസ്റ്റേറ്റില്‍ നിന്നും മുള്ളന്‍പന്നിയെ വേട്ടയാടി കറിവയ്ക്കുകയും ഭക്ഷിക്കുകയും ശേഷം എസ്റ്റേറ്റില്‍ അഥിതികളായി എത്തിയവർ മടങ്ങുമ്പോള്‍ കറി വാഹനത്തിലും കൊണ്ടുപോകുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലക്കോട് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയപ്പോളാണ് ഇവര്‍ പിടിയിലായത്. ഇതോടൊപ്പം എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയും നായാട്ടിനായി ഉപയോഗിച്ച തോക്കും വനം വകുപ്പ് പിടികൂടി. ഏഴു പേര്‍ക്കെതിരേയാണ് കേസ്. പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോര്‍ജ്ജിന്റെ ഭാര്യ ബീന, ശാന്തമ്പാറ ചേരിയാര്‍ പുത്തന്‍വീട്ടില്‍ വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ ചിറക്കളം പുതുവേല്‍ മനോജ്, തിരുവന്തപുരം സ്വദേശി അസ്മുദീന്‍ എച്ച്, പത്തനംതിട്ട തുരുവല്ല സ്വദേശി പഞ്ചായത്ത്മഠത്തില് രമേശ്കുമാര്‍, തിരുവനന്തപുരം സ്വദേശികളായ റസൂല്‍ഖാന്‍, ഇറര്ഷാദ് കെ എം എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വ്യാപകമായി മൃഗ വേട്ട നടത്തിയിട്ടുണ്ടോ എന്നും, മറ്റ് നായാട്ടു സംഘങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ചും വനം വകുപ്പ് വിശദമായി പരിശോധിച്ച് വരികയാണ്.