മലങ്കര ജലാശയത്തിൽ രാസമാലിന്യം കലർന്ന സംഭവം; ഇളംദേശത്തെ പ്ലൈവുഡ് ഫാക്ടറി പൂട്ടിയിടാൻ ഉത്തരവ്
ഇടുക്കി മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുകിയെത്തിയതിനെ തുടർന്ന് ഇളംദേശത്ത് പ്രവർത്തിക്കുന്ന ഹൈ ലയർ വുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്ലൈവുഡ് ഫാക്ടറി ഉടൻ പൂട്ടിയിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു. കളക്ടറുടെ ഉത്തരവ് കർശനമായി നടപ്പാക്കാൻ പോലീസിനും തദ്ദേശ സ്വയംഭരണ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്. ഫാക്ടറിയിലെ തെർമിക്ക് മോട്ടറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പുറത്തേക്ക് ഒഴുകിയ ഓയിൽ മഴവെള്ളത്തോടൊപ്പം വടക്കനാറിലൂടെ മലങ്കര ജലാശയത്തിൽ കലരുകയായിരുന്നു. ഇതേത്തുടർന്ന് ജലാശയത്തിൽ നിന്നുള്ള കുടിവെള്ള പമ്പിങ് നിർത്തിവെച്ചു.
സംഭവത്തിൽ കാഞ്ഞാർ പോലീസ് കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും സ്ഥലത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു. മലിനീകരണത്തിന് പഞ്ചായത്ത് ചുമത്തുന്ന പിഴ തുക സ്ഥാപന ഉടമ അടയ്ക്കേണ്ടി വരും. ജലാശയത്തിലെ വെള്ളം ഉപയോഗയോഗ്യമാണെന്ന് വിവിധ വകുപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു.





