ബീഹാറിൽ അധ്യാപകൻ; കേരളത്തിൽ കഞ്ചാവ് വില്പന
ബീഹാറിൽ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയിൽ ചില്ലറ വില്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ.ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങിയ അച്ഛനും മകനും അറസ്റ്റിലായി.
ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം പിടികൂടിയത്. ബീഹാറിൽ അധ്യാപകനായി ജോലി നോക്കുന്ന ഇയാൾ രണ്ട് മാസത്തെ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ബീഹാറിൽ നിന്നും കൊണ്ടു വന്ന കഞ്ചാവ് വിറ്റ് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.
റോബിന്റെ പക്കൽ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചു നൽകിയ റോബിനെ കുറിച്ച് വിവരം ലഭിച്ചത്.
രാജാക്കാടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവുമായി കൈത്തുങ്കൽ ഷാൻ, കണ്ടതിൽ ഷെബിൻ, കയ്യാനിക്കൽ സഞ്ജീവ് എന്നിവരെയും എക്സൈസ് പിടികൂടി.





