ബൈക്ക് മോഷണ കേസ്; പ്രതികളെ പിടികൂടി വണ്ടിപ്പെരിയാര്‍ പോലീസ്.
ബൈക്ക് മോഷണ കേസിലെ പ്രതികളെ വണ്ടിപ്പെരിയാര്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശികളായ അല്‍ത്താഫ്, ശ്രീഹരി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതിയാണ് വണ്ടിപ്പെരിയാര്‍ 59-ാം മൈലില്‍ നിന്നും പള്‍സര്‍ ബൈക്ക് കാണാതാകുന്നത്. തുടര്‍ന്ന് ഉടമയായ ഷിബു വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടൊപ്പം പീരുമേട് മേഖലയില്‍ നിന്ന് മറ്റൊരു ബൈക്ക് കൂടി കാണാതായിരുന്നു.
തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി വണ്ടിപ്പെരിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സമാനമായ മറ്റൊരു കേസില്‍ ഇതേ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വിവരം വണ്ടിപ്പെരിയാര്‍ പോലീസ് അറിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പീരുമേട്ടിലും വണ്ടിപ്പെരിയാറിലും മോഷണം നടത്തിയത് ഇവര്‍ തന്നെയാണെന്ന് കണ്ടെത്തി.
വണ്ടിപ്പെരിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ജയകൃഷ്ണന്‍, പീരുമേട് എസ്.ഐ വിനീത്, എ.എസ്.ഐ സുബൈര്‍ എസ്, സി.പി.ഓമാരായ ഫസല്‍ എം, സനില്‍ എന്നിവിടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. എരുമേലിയില്‍ നിന്നും മോഷണം പോയ ബൈക്കും കണ്ടെത്തി. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



