കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ കാട്ടാന ആക്രമണം; സഹോദരങ്ങളുടെ വീടുകള്‍ തകര്‍ത്തു.
കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ ഇടതട്ടില്‍ കാട്ടാന ആക്രമണത്തില്‍ സഹോദരങ്ങളുടെ വീടുകള്‍ തകര്‍ന്നു. ചേലച്ചുവട്ടില്‍ പത്രോസ്, ബേബി എന്നിവരുടെ വീടുകളാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനകള്‍ ആക്രമിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലയിലാണ് സംഭവം. സംഭവസമയത്ത് വീടുകളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പത്രോസ് മകനുമായി ആശുപത്രിയില്‍ പോയിരുന്നതിനാല്‍ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. ബേബിയുടെ കുടുംബവും വീട്ടില്‍ നിന്ന് മാറിനിന്ന സമയത്താണ് കാട്ടാനകള്‍ എത്തിയത്.
രാത്രിയോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകള്‍ വീടുകളുടെ വാതിലുകളും ജനാലകളും തകര്‍ത്തു. വീടിനുള്ളിലെ ഗൃഹോപകരണങ്ങളും, വീട്ടുപകരണങ്ങളും വ്യാപകമായി നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഭാഗങ്ങള്‍ തകര്‍ത്ത കാട്ടാനകള്‍ അരിയുള്‍പ്പെടെ ഭക്ഷിച്ചു. സമീപ വനമേഖലയായ പാല്‍ക്കുളം, മണിയാറന്‍കുടി ഭാഗങ്ങളില്‍ നിന്നാണ് കാട്ടാനകള്‍ സ്ഥിരമായി ഈ പ്രദേശത്തേക്ക് എത്തുന്നത്.
തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യം മൂലം പ്രദേശവാസികള്‍ ഭീതിയിലാണ്. ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ എത്തുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭവനങ്ങള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കൃഷിനാശം നേരിടുന്ന കര്‍ഷകര്‍ക്ക് യഥാസമയം സഹായം ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.

