കഞ്ചാവ് കടത്ത് കേസ്; മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും
ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ എന്‍.ഡി.പി.എസ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് ഡോ. പി.കെ ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. തൊടുപുഴ കുമാരമംഗലം വില്ലേജില്‍ മുതലക്കോടം മേച്ചേരിയില്‍ റഷീദ് (37), കുമാരമംഗലം പെരുമ്പള്ളിച്ചിറ കരയില്‍ മുണ്ടയ്ക്കല്‍ നെസ്സല്‍ (30), പെരുമ്പള്ളിച്ചിറ കൊച്ചുപറമ്പില്‍ നൗഫല്‍ (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2017 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ച് പ്രതികളില്‍ നിന്ന് 3.100 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.എന്‍ രഘുനാഥന്‍ നായരും സംഘവുമാണ് പ്രതികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ആയിരുന്ന അശോക് കുമാര്‍ ടി.എ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി രാജേഷ് ഹാജരായി.



