കട്ടപ്പന പാറക്കടവ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന വാകമരം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കാൽനട വാഹന യാത്രികർക്കും അപകട ഭീഷണി സൃഷ്ടിക്കുന്നു
പുളിയന്മല കട്ടപ്പന പാതയിൽ പാറക്കടവ് ജംഗ്ഷന് സമീപം റോഡിനോട് ചേർന്ന് നിലകൊള്ളുന്ന വാകമരമാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. വലിയ രീതിയിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന ഈ മരം ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ ഏതുനിമിഷവും നിലം പതിക്കുന്ന സാഹചര്യമാണ്. മരത്തിന്റെ അപകട ഭീഷണി സംബന്ധിച്ച്നിരവധി തവണ പ്രദേശത്തെ വ്യാപാരികൾ കട്ടപ്പന നഗരസഭ അധികൃതർക്ക് പരാതിയും നിവേദനവും അടക്കം നൽകിയതാണ്, എന്നാൽ നടപടി ഒന്നുമായിട്ടില്ല.
സ്കൂൾ വിദ്യാർഥികൾ അടക്കം കാൽനടയായി പോകുന്നതും ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്നതും നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉള്ള ഒരു മേഖല കൂടിയാണ് ഇത്. ഇവിടെയാണ് അപകട ഭീഷണിയായി ഈ മരം നിലകൊള്ളുന്നത്.
ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഏതുസമയവും നിലം പതിക്കാം, ഇലവൻ കെവി വൈദ്യുതി ലൈൻ അടക്കം ഈ മരത്തിൻറെ സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. വൈദ്യുതി ലൈൻ ഈ മരത്തിൽ മുട്ടിയാണ് നിൽക്കുന്നത്. ഇതോടൊപ്പം പാറക്കടവ് മുതൽ പുളിയന്മല വരെയുള്ള പാതയിൽ വിവിധ ഇടങ്ങളിൽ റോഡിലേക്ക് നിരവധി മരങ്ങളാണ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം മരം, റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനത്തിന് മുകളിലേക്ക് വീണ് അപകടം സംഭവിച്ചു. ഉണങ്ങി നിൽക്കുന്ന മരങ്ങൾ അടക്കം ഈ പാതയിൽ വിവിധ സ്ഥലങ്ങളിൽ ഉണ്ട്. ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി കഴിഞ്ഞു.



