കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിന്റെ പശ്ചാത്തലത്തില്‍ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലർട്ടുകള്‍ പ്രഖ്യാപിച്ചു. ഈ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പുറമെ, സംസ്ഥാനത്തെ തീരമേഖലകളില്‍ ഇന്ന് അർധരാത്രി മുതല്‍ 52 ദിവസത്തെ ട്രോളിങ് നിരോധനവും പ്രാബല്യത്തില്‍ വരികയാണ്.
വടക്കൻ ജില്ലകളായ കാസർകോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, തൊട്ടടുത്ത ജില്ലകളായ മലപ്പുറത്തും വയനാടും ഇന്ന് ഓറഞ്ച് അലർട്ടും നല്‍കിയിട്ടുണ്ട്.
മഴയോടൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രതാ നിർദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാൻ പാടുള്ളതല്ല.
ഇന്ന് അർധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസമാണ് ഇത്തവണത്തെ ട്രോളിങ് നിരോധനം. നിരോധനം പ്രാബല്യത്തിലാകുന്നതിന് 24 മണിക്കൂർ മുമ്പ് തന്നെ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന നാലായിരത്തിലധികം യന്ത്രവല്‍കൃത ബോട്ടുകളില്‍ 80 ശതമാനത്തോളവും ഹാർബറുകളില്‍ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള ബോട്ടുകള്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ തിരിച്ചെത്തും. ഇതോടെ ഹാർബറുകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐസ് പ്ലാൻറുകളും ഡീസല്‍ പമ്പുകളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും അടക്കം ഇനി അടഞ്ഞുകിടക്കും.
ബോട്ടുകള്‍ ഹാർബറുകളില്‍ കെട്ടിത്തുടങ്ങിയതോടെ ഇനിയുള്ള നാളുകള്‍ അറ്റകുറ്റപ്പണികളുടേതാണ്. പെയിൻറിങ്, എൻജിൻ പണി എന്നിവ ചെയ്യുന്നതിനായി ബോട്ടുകള്‍ ഇതിനോടകം യാർഡുകളിലേക്ക് നീങ്ങിത്തുടങ്ങി. കടലില്‍ പോകുന്നില്ലെങ്കിലും ബോട്ടുടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുടെ കാലം കൂടിയാണിത്. ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്. ഒരു ബോട്ടിലെ ശരാശരി 15 ഓളം വരുന്ന തൊഴിലാളികള്‍ക്ക് ഈ നിരോധന കാലയളവില്‍ സഹായം നല്‍കേണ്ട ബാധ്യതയും ഉടമകള്‍ക്കുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബോട്ടുടമകളെയാണ്. ഡീസലിനും വാണിജ്യ സിലിണ്ടറിനും ഒപ്പം പെയിൻറിനും നൈലോണ്‍ വലകള്‍ക്കും വിപണിയില്‍ വലിയ രീതിയില്‍ വില വർധിച്ചിട്ടുണ്ട്. വൻതുക ചിലവാക്കി അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി, നിരോധന കാലയളവ് കഴിഞ്ഞ് വീണ്ടും കടലിലിറങ്ങുമ്പോള്‍ ഈ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ തീരദേശം.



