എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം പരീക്ഷയിൽ 3-ാം റാങ്ക് ; പരാധീനതകൾക്ക് നടുവിൽ നിന്നും റാങ്കിൻ്റെ തിളക്കവുമായി ഉപ്പുതറ സ്വദേശി ലക്ഷ്‌മി പ്രിയ
പരാധീനതകൾക്ക് നടുവിൽ നിന്നും റാങ്കിൻ്റെ തിളക്കവുമായി ഉപ്പുതറ സ്വദേശി ലക്ഷ്‌മി പ്രിയ. ഉപ്പുതറ കലയത്താങ്കൽ പരേതനായ കെ ആർ ബാബുവിൻ്റെയും സിജിയുടെയും മകളായ ലക്ഷ്മിപ്രിയ കെ ബാബു എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം പരീക്ഷയിൽ 3-ാം റാങ്ക് കരസ്ഥമാക്കി. പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളജിലായിരുന്നു പഠിച്ചത് .ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട ലക്ഷ്മിപ്രിയ കലിനാദ്ധ്വാനത്തിലൂടെയാണ് പത്താം തരവും ഹയർസെക്കൻ്റെറി വിദ്യാഭ്യാസവും പൂർത്തിയാക്കിയത്. തുടർന്നാണ് പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നത്.
ബികോം ഓഫീസ് മാനേജ്മെൻ്റ് ആൻ്റ് സെക്രട്ടറിയേറ്റ് പ്രാക്ടീസ് ആണ് കഴിഞ്ഞ 3 വർഷമായി പഠിച്ചത്. 3 ബസുകൾ മാറി കയറി വേണം കോളേജിലെത്താൻ. മാതാവിൻ്റെ തുഛമായ വരുമാനത്തിലായിരുന്നു ലഷ്മി പ്രിയ കെ ബാബുവും സഹോദരൻ ദേവനന്ദൻ കെ ബാബുവിൻ്റെയും പഠനം .മേരികുളം സെൻ്റ് മേരീസ് ഹൈസ്കൂളിൽന്നും പത്താം തരം വിജയിച്ച ശേഷം ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂളിൽ നിന്നാണ് ഹയർ സെക്കൻ്ററി പഠനം പൂർത്തിയാക്കിയത്. മികച്ച മാർക്കോടെ വിജയിച്ച ലക്ഷ്മി പ്രിയ പാമ്പനാർ എസ് എൻ കോളേജിൽ ചേർന്ന് പഠനം തുടരുകയായിരുന്നു. മികച്ച രീതിയിൽ പഠിച്ചെങ്കിലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചില്ലന്ന് ലക്ഷ്മി പ്രിയയും മാതാവും പറഞ്ഞു.
ലോജിസ്റ്റിക് ഡിപ്ലോമാ കോഴ്സിന് ചേർന്ന ലക്ഷ്മി പ്രിയ ഓൺലൈനായി പി ജി പഠിക്കാനും തയ്യാറെടുക്കുകയാണ്. പരാധീനതക്കും കഷ്ടപ്പാടുകൾക്കുമിടയിൽ റാങ്ക് നേട്ടം കൈ വരിച്ചത് ഇരട്ടി നേട്ടമായി മാറി.

