മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഷെഡ്ഡുകള്‍ പൊളിച്ചു നീക്കി. ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുപതിലധികം ഷെഡ്ഡുകള്‍ ആണ് പൊളിച്ച് നിക്കിയത്.
മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഷെഡ്ഡുകള്‍ പൊളിച്ചു നീക്കി. ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുപതിലധികം ഷെഡ്ഡുകള്‍ ആണ് പൊളിച്ച് നിക്കിയത്. 2024ല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ലക്ഷം നഗറിന് സമീപത്ത് മണ്ണിടിച്ചിലില്‍ ഉണ്ടാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇവിടെയുള്ള ഏഴോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് സുരക്ഷിതമായ സ്ഥിരം സംവിധാനം ഉണ്ടാക്കി നല്‍കിയില്ല.
ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം എം ജി നഗറിന് സമീപം ഈ ഏഴ് കുടുംബങ്ങള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഷെഡ്ഡുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഷെഡ്ഡുകള്‍ റവന്യൂ സംഘം പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് ഷെഡ്ഡുകള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് വീടും സ്ഥലവും ആവശ്യപ്പെട്ട് ദേവികുളം സ്‌പെഷ്യല്‍ റവന്യൂ ഓഫീസിന് മുന്നില്‍ ഏഴു കുടുംബങ്ങള്‍ രാപ്പകല്‍ സമരം നടത്തി. പിന്നീട് ഇവര്‍ കോടതി ഉത്തരവ് സമ്പാദിക്കുകയും റവന്യൂ സംഘം ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും ഷെഡ്ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ സമീപത്തെ വീടില്ലാത്തവരും വീട് ഉള്ളവരുമായ ആളുകള്‍ സ്ഥലത്തെത്തി സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡ്ഡുകള്‍ സ്ഥാപിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന 20ലധികം ഷെഡ്ഡുകള്‍ ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ സഹായത്തോടെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഗായത്രിയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിയത്. അതേ സമയം വര്‍ഷങ്ങളായി തങ്ങള്‍ വാടകവീട്ടിലാണ് കഴിയുന്നതെന്നും സ്വന്തമായി ഒരു വീടില്ലെന്നും ഷെഡ്ഡില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പ്രതികരിച്ചു. കോടതിവിധി സമ്പാദിച്ച ആളുകളുടെ ഷെഡ്ഡുകള്‍ ഒഴികെ ബാക്കിയെല്ലാം റവന്യൂ സംഘം പൊളിച്ച് നീക്കി.

