കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വീടിന് തീ പിടിച്ച് മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ദുരുഹത നീക്കിയിട്ടില്ലെന്നാരോപിച്ച് ജനകീയ സമിതി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തി.
കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വീടിന് തീ പിടിച്ച് മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ദുരുഹത നീക്കിയിട്ടില്ലെന്നാരോപിച്ച് ജനകീയ സമിതി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തി. മരിച്ചവരെ അനുസ്മരിച്ച് പണിക്കൻകുടിയിൽ യോഗവും നടന്നു.
കഴിഞ്ഞ വർഷം മേയ് 9നായിരുന്നു കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിന് തീ പിടിച്ചുണ്ടായ ദുരന്തത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം മരിച്ച ശുഭയുടെ ബന്ധുക്കളടക്കം ജനകീയ സമിതിയും ആദ്യം ഘട്ടം മുതൽ മുമ്പോട്ട് വച്ചിരുന്നു.എന്നാല്‍ സംഭവം നടന്ന് ഒരു പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് ജനകീയ സമിതിയുടെ ആരോപണം.ഈ സാഹചര്യത്തിലാണ് സംഭവത്തിൻ്റെ ദുരൂഹത അഴിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തിയത്.
അനുസ്‌മരണയോഗവും പ്രതിഷേധറാലിയും അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. മോഹനൻനായർ ഉദ്‌ഘാടനം ചെയ്തു. സംഭവത്തിലെ ദുരൂഹത നീക്കി പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേസിന്റെ തുടരന്വേഷണം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുമ്പ് ജനകീയ സമിതി ഹർത്താലടക്കം നടത്തിയിരുന്നു.
നാലു പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റ് മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി തന്നെ കത്തിചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങളാണ് ജനകീയസമിതി ഉന്നയിക്കുന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി. എ.സജി,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മേഴ്സി ആൻ്റണി,ബിന്ദു ടി.ടി,വിൽസൺ കള്ളിക്കൽ ജനകീയസമിതി ഭാരവാഹികളായ അനിൽ ദേവസ്യ,വിനോദ് കറുകപ്പിള്ളിൽ, ഷാജി ചേലാമറ്റം,ഗിരീഷ് വയലുങ്കൽ, തങ്കച്ചൻ വാഴക്കാല,ഷിജി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.







