മംഗളാദേവി ചിത്രാപൗര്‍ണ്ണമി: ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

May 1, 2026 - 13:10
 0
മംഗളാദേവി ചിത്രാപൗര്‍ണ്ണമി: ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം
This is the title of the web page

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ഭക്തിസാന്ദ്രമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി പതിനായിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇത്തവണയും ഉത്സവം വിജയകരമായി സംഘടിപ്പിച്ചത്.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഒരേസമയം കേരള, തമിഴ്നാട് രീതികളിലുള്ള പൂജാകര്‍മ്മങ്ങള്‍ നടന്നു. പുലര്‍ച്ചെ അഞ്ചരയോടെ ക്ഷേത്രനട തുറന്ന് ആചാരപരമായ ചടങ്ങുകള്‍ ആരംഭിച്ചു. മംഗളാദേവി പ്രതിഷ്ഠയുള്ള ആദ്യ ശ്രീകോവിലിലും ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പ്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകള്‍ നടന്നു. തന്ത്രി സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി മൂലത്തടം എം.എൻ നാരായണൻ നമ്പൂതിരിയും പൂജകള്‍ക്ക് നേതൃത്വം നല്‍കി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊട്ടടുത്തുള്ള രണ്ടാമത്തെ ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടന്നത്. രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ക്ഷേത്ര സമുച്ചയത്തിന്റെ പ്രത്യേകതയാണ്.

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തില്‍ പോലീസ്, റവന്യു, വനം, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്‌നി രക്ഷാ സേന എന്നീ വകുപ്പുകൾ‍ സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഭക്തര്‍ക്കായി കുടിവെള്ളം, ഭക്ഷണം, ശൗചാലയങ്ങള്‍, മലയാളത്തിലും തമിഴിലുമുള്ള ദിശാസൂചന ബോര്‍ഡുകള്‍ എന്നിവ സജ്ജമാക്കിയിരുന്നു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ യൂണിറ്റും ആംബുലന്‍സ് സൗകര്യത്തോടുകൂടിയ മെഡിക്കല്‍ സംഘങ്ങളെയും വിവിധ പോയിന്റുകളിൽ വിന്യസിച്ചിരുന്നു. അഗ്‌നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു. 

ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശൻ ചെറുവാട്ട്, ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം എസ് ശ്രീജിത്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.ഡി. സന്തോഷ് കുമാർ, എന്നിവർ ക്ഷേത്രം സന്ദര്‍ശിച്ചു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

What's Your Reaction?

like

dislike

love

funny

angry

sad

wow