സെൻസസ് 2027: ആദ്യ ഘട്ടത്തിൽ വീടുകളുടെ കണക്കെടുപ്പ് ജൂലൈ 1 മുതൽ 30 വരെ
2027 സെൻസസിൻ്റെ ആദ്യ ഘട്ടം ജൂലൈ 1 മുതൽ 30 വരെ നടക്കും. കെട്ടിടങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. പൂർണമായും ഡിജിറ്റൽ സംവിധാനമുപയോഗിച്ചാണ് വിവരശേഖരണം.
2027 ഫെബ്രുവരി 9 മുതൽ 28 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരം ശേഖരിക്കുന്ന രീതിക്കു പുറമേ സെൽഫ് എന്യൂമറേഷൻ രീതിയും അവതരിപ്പിച്ചിട്ടുണ്ട്. സെൻസസ് വെബ് പോർട്ടൽ വഴി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാം. എന്യൂമറേറ്റർ മാർ വിവരം ശേഖരിച്ച് തുടങ്ങുന്നതിനു മുൻപുള്ള 15 ദിവസമാണ് സെൽഫ് എന്യൂമറേഷനുള്ള അവസരം. കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ വ്യക്തികൾക്ക് സ്വന്തമായി വെബ് പോർട്ടലിൽ സമർപ്പിക്കാം. മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. സെൽഫ് എന്യൂമറേഷൻ രീതി തിരഞ്ഞെടുക്കുന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഐഡി നമ്പർ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം. തുടർന്ന് എന്യൂമറേറ്റർമാർ വ്യക്തികൾ സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം ഡേറ്റ സെർവറിലേക്ക് ഏകോപിപ്പിക്കും.
എന്യൂമറേറ്റർമാർ വീടുകളിലെത്തി നടത്തുന്ന വിവരശേഖരണ രീതിയിലും സെൽഫ് എന്യൂമറേഷൻ രീതിയിലും 34 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. കെട്ടിടങ്ങളുടെയും വീടുകളുടെയും അവസ്ഥ, സൗകര്യങ്ങൾ, സാമഗ്രികൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകുന്ന വിധത്തിലാകും ആദ്യഘട്ട സെൻസസിലെ ചോദ്യങ്ങൾ.
ജില്ലാ കളക്ടറാണ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. വിവിധ വകുപ്പ് മേധാവികളെ ജില്ലാ സെൻസസ് ഓഫീസർമാരായും അഡീഷണൽ സെൻസസ് ഓഫീസർമാരായും ചാർജ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. അധ്യാപകരെ എന്യൂമറേറ്റർമാരായും സൂപ്പർവൈസർമാരായും നിയോഗിക്കും. ഒരു സൂപ്പർവൈസർക്കു കീഴിൽ ആറ് എന്യൂമറേറ്റർ മാരാണുണ്ടാകുക. ചാർജ് ഓഫീസർമാർക്കായിരിക്കും എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും ഏകോപന ചുമതല. സെൻസസുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിക്കും.
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവര ശേഖരണം. സെൻസസുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും വികസിപ്പിച്ചിട്ടുണ്ട്. സെൻസസ് ആരംഭിച്ച ശേഷം പതിനാറാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണ് ആരംഭിക്കുന്നത്.
സെൻസസുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസർമാർക്കും അഡീഷണൽ സെൻസസ് ഓഫീസർമാർക്കും ചാർജ് ഓഫീസർമാർക്കുമുള്ള പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻവെസ്റ്റിഗേറ്റർമാരായ ജംഷീർ ചെറുകാട്, വിജയ ശേഖർ എന്നിവർ ക്ലാസെടുത്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, സബ് കളക്ടർ വി.എം. ആര്യ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സെൻസസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1855 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





