കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡിലെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിനാൽ വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം. നവകേരള സദസിൽ ഒരുകോടി രൂപ അനുവദിച്ചാണ് ഈ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഫെബ്രുവരി പകുതിയോടെ ആരംഭിച്ചത്.
750 മീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡ് ടാർ ചെയ്യാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ റോഡിൽ കലുങ്ക് നിർമാണം നടന്നപ്പോൾ 40 ദിവസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. മാർച്ച് 30നു മുൻപ് പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇപ്പോഴും ജോലികൾ നടക്കുകയാണ്.
മുൻപ് ഉണ്ടായിരുന്ന ടാറിങ് നീക്കിയശേഷം മെറ്റൽ വിരിച്ചതോടെ റോഡിന്റെ വശങ്ങളിലുള്ള പല സ്ഥാപനങ്ങളിലേക്കും വാഹനങ്ങൾ കയറ്റാൻ ബുദ്ധിമുട്ട് നേരിടുകയാണ്. അതിനൊപ്പം പൊടിശല്യവും രൂക്ഷമാണ്. ഹോട്ടൽ ഉൾപെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ പൊടിശല്യം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പൊടിമൂലം വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻപോലും കഴിയാത്ത സ്ഥിതിയാണ്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആരംഭിച്ച നിർമാണങ്ങൾ വൈകുന്നത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.അതേസമയം, ടാറിന്റെ ലഭ്യതക്കുറവും വില വർധനവും മൂലമാണ് ടാറിങ് നടത്താൻ വൈകുന്നതെന്നാണ് വിവരം.





