സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം; 93.70% വിജയം, തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 93.70 ശതമാനമാണ് വിജയം. ഈ വർഷം 24.83 ലക്ഷം പേരാണ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്. 24.71 ലക്ഷം പേർ പരീക്ഷയെഴുതി. 23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനയുണ്ട്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.
99.79 ശതമാനം വിജയം നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സമാന വിജയവുമായി വിജയവാഡ രണ്ടാംസ്ഥാനത്തെത്തി. 99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് ഇക്കുറിയും മുന്നിൽ നിൽക്കുന്നത്. പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്. 2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി.
55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയത്. 2.24 ശതമാനമാണിത്. 14,71,72 പേരാണ് കംപാർട്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു പരീക്ഷ. വിദ്യാർഥികൾക്ക് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് താഴെ പറയുന്ന വെബ്സൈറ്റുകളിൽനിന്ന് ഫലം അറിയാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നീ വിവരങ്ങളാണ് ഫലം അറിയാൻ വേണ്ടത്.
ഔദ്യോഗിക വെബ്സൈറ്റുകൾ കൂടാതെ ഡിജിലോക്കർ മാർഗത്തിലൂടെയും ഫലം അറിയാനും മാർക്ക്ഷീറ്റുകൾ ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാനുമാകും. ഫലപ്രഖ്യാപനത്തിനായി ബോർഡ് പ്രത്യേക വാർത്താ സമ്മേളനം നടത്തില്ല. വിജയശതമാനം, സംസ്ഥാനം തിരിച്ചുള്ള ഫലവും ഉൾപ്പെടെയുള്ള വിവരങ്ങൾ സിബിഎസ്‌ഇയുടെ വെബ്സൈറ്റിൽ പങ്കുവയ്ക്കും.ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
results.cbse.nic.in
cbse.gov.in
results.digilocker.gov.in
umang.gov.in
ഔദ്യോഗിക സൈറ്റിൽനിന്ന് എങ്ങനെ പരീക്ഷാഫലം ഡൗൺലോഡ് ചെയ്യാം
∙ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദർശിക്കുക.
∙ 2026 Results എന്ന സെക്ഷനു താഴെ കാണുന്ന Secondary School Examination (Class X) 2026 ക്ലിക്ക് ചെയ്യുക.
∙ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി, സെക്യൂരിറ്റി പിൻ ഇവ നൽകുക
∙ Submit ക്ലിക്ക് ചെയ്യുക
∙ ഇതോടെ സ്ക്രീനിൽ മാർക്ക്ഷീറ്റ് ലഭിക്കും
∙ ഡൗൺലോഡ് ചെയ്യുക.





