ചെറുതോണിയെ ആവേശം കൊള്ളിച്ച് റോഷിയുടെ ഡിജെ റോഡ് ഷോ
ചെറുതോണി: ഇടതു സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഡിജെ റോഡ് ഷോ ചെറുതോണി പട്ടണത്തെ അക്ഷരാര്‍ഥത്തില്‍ ഉത്സവ ലഹരിയിലാഴ്ത്തി. ഇന്നലെ വൈകിട്ടോടെയാണ് റോഷി അഗസ്റ്റിന്‍ ഇടതു മുന്നണിയുടെ യുവജന പ്രസ്ഥാനമായ എല്‍ഡിവൈഎഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡിജെ റോഡ് ഷോയുടെ ഭാഗമായത്. ചെറുതോണി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ച റോഡ് ഷോയില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. ടൗണില്‍ വലിയ ജനവലിയാണ് റോഡ് ഷോയുടെ ഭാഗമാകാന്‍ എത്തിയത്.
ഇന്നലത്തെ അറക്കുളം, ചെറുതോണി, കട്ടപ്പന മേഖലയിലൂടെയായിരുന്നു റോഷിയുടെ പ്രചാരണം. അറക്കുളം പഞ്ചായത്തിലെ വലിയമാവ് ഉന്നതിയിലായിരുന്നു പര്യടനത്തിന്റെ തുടക്കം. കമ്മിറ്റിക്കാരുടെ ക്ഷണം സ്വീകരിച്ച് ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് സ്ഥാനാര്‍ഥി എത്തിയത്. ഈ പ്രദേശത്ത് മികച്ച റോഡുകള്‍ നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത റോഷിയെ ജനങ്ങള്‍ ഏറെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്.
തുടര്‍ന്ന് മൂലമറ്റം മേഖലയിലൂടെയായിരുന്നു റോഷിയുടെ പ്രചാരണം. വീടുകള്‍ കയറിയും ചെറിയ കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തും ചെറുതോണി, കട്ടപ്പന ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിയുടെ പ്രചരണാര്‍ഥം വൈകിട്ടോടെ മൂരിക്കാശ്ശേരിയില്‍ നടന്ന വനിതാ പാര്‍ലമെന്റില്‍ പങ്കെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവേള യോഗം ഉദ്ഘാടനം നിര്‍വഹിച്ചു.



