സംസ്ഥാനത്ത് ഞായറാഴ്‌ച വൈദ്യുതി ഉപയോഗം 5012 മെഗാവാട്ട് ; രാത്രി വൈദ്യുതി ഉപയോഗത്തില്‍ ഞെട്ടിക്കുന്ന വര്‍ധന
സംസ്ഥാനത്ത് ഞായറാഴ്‌ചത്തെ വൈദ്യുതി ഉപയോഗം 5012 മെഗാവാട്ട്. ശനിയാഴ്‌ച 4826 മെഗാവാട്ടായിരുന്നു പീക് മണിക്കൂറിലെ ആവശ്യം.
കഴിഞ്ഞ വ്യാഴാഴ്‌ച 5836 മെഗാവാട്ടുവരെ എത്തിയ ഉപയോഗത്തിലാണ് രണ്ടുദിവസമായി നേരിയ കുറവ് രേഖപ്പെടുത്തിയത്. പകല്‍സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ 30-50 മെഗാവാട്ടിന്റെ വർധന രേഖപ്പെടുത്തുന്നു.
ചകവാതകപ്രതിസന്ധി രൂക്ഷമായതോടെ പാചകം ഇലക്‌ട്രിക് ഉപകരണങ്ങളിലേക്ക് മാറിയതിനാലാണ് ഉപയോഗം ഉയരുന്നത്.എന്നാല്‍, രാത്രി 10.15നും 10.30നും ഇടയിലുള്ള വെറും 15 മിനിറ്റിനുള്ളില്‍ ഏകദേശം 800 മെഗാവാട്ടിന്റെ പെട്ടെന്നുള്ള വർധനയാണ് രേഖപ്പെടുത്തിയത്. പുലർച്ചെ രണ്ടിനുശേഷമാണ് 5000 മെഗാവാട്ടില്‍ താഴെ ഉപയോഗമെത്തുന്നത്.
രണ്ടുമാസത്തിലൊരിക്കല്‍ വൈദ്യുതി ബില്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏപ്രിലിലെ ബില്ലില്‍ യൂണിറ്റിന് ഒരു പൈസവീതം തിരികെ ലഭിക്കും. ഈ തുക ബില്ലില്‍ ഇളവ് ചെയ്യും. മാസംതോറും ബില്‍ ലഭിക്കുന്നവർ സർചാർജ് നല്‍കേണ്ട. ഫെബ്രുവരിയിലെ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ടാണ് സർചാർജ് നിശ്ചയിച്ചത്. കഴിഞ്ഞമാസവും ദ്വൈമാസ ബില്ലില്‍ ഒരു പൈസവീതം ഉപയോക്താക്കള്‍ക്ക് തിരികെ നല്‍കിയിരുന്നു.



