സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന്‍ വില
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ കാര്യമായ മുന്നേറ്റം പ്രകടമല്ലെങ്കിലും രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതാണ് തിരിച്ചടിയായത്.വെള്ളിയാഴ്ച രണ്ട് തവണയായി സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ചിരുന്നു. ശനിയാഴ്ച രാവിലെ മാത്രം 1840 രൂപ കൂടി. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.റഷ്യ, തുര്‍ക്കി, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണ ശേഖരത്തില്‍ നിന്ന് അല്‍പ്പം വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, ഇവരുടെ സ്വര്‍ണം വിപണിയിലേക്ക് എത്തും. ഇതോടെ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് വിലയില്‍ സംഭവിക്കുന്നത്. രൂപയുടെ മൂല്യം താഴ്ന്നതാണ് ഇതിന് പ്രധാന കാരണം.കേരളത്തില്‍ ഇന്നലെ രാവിലെ 106120 രൂപയായിരുന്നു പവന്‍ വില. വൈകീട്ട് 106760 രൂപയായി ഉയര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ 108600 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 230 രൂപയും പവന് 1840 രൂപയും വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4507 ഡോളര്‍ ആണ് പുതിയ വില. ഇവിടെ വലിയ തോതില്‍ വില കൂടി എന്ന് പറയാന്‍ സാധിക്കില്ല.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11155 രൂപയും പവന് 89240 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8690 രൂപയും പവന് 69520 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5605 രൂപയും പവന് 44840 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയും അല്‍പ്പം കയറി. ഇന്ന് ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് നല്‍കേണ്ടത്.ഈ മാസം സ്വര്‍ണം ഒരു പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 126920 രൂപയും കുറഞ്ഞ വില 99480 രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിയ ശേഷമാണ് വീണ്ടും ഉയര്‍ന്ന് ഇന്നത്തെ 108600 എന്ന നിരക്കിലെത്തിയത്. ചില ദിവസങ്ങളില്‍ സ്വര്‍ണവില കൂടുകയും ചില ദിവസങ്ങളില്‍ കുറയുന്നുമാണ് കാണുന്നത്. ആവശ്യമുള്ളവര്‍ വില കുറയുന്ന ദിവസം തന്നെ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് ഉചിതം.
അതേസമയം, ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ്. ഒരു ഡോറളിന് 94.86 എന്ന നിരക്കിലേക്ക് രൂപ മൂക്കു കുത്തി. ക്രൂഡ് ഓയില്‍ വില കൂടിയതോടെ ഡോളറിന് ആവശ്യക്കാര്‍ ഏറി. ഡോളര്‍ സൂചിക 100.19 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യം കുതിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയത്. കൂടെ ക്രൂഡ് വില ഉയര്‍ന്നതും തിരിച്ചടിയായി.ക്രൂഡ് ഓയില്‍ വില കൂടി വരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 112 ഡോളറായി ഉയര്‍ന്നു. ഡബ്ല്യുടിഐ ക്രൂഡിന് 99 ഡോളറായി. മര്‍ബണ്‍ ക്രൂഡിന് 117 ഡോളറായും കൂടി. ക്രൂഡ് വില കൂടുമ്പോള്‍ ഇവ ഇറക്കുമതി ചെയ്യുന്നതിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുകയും ചെയ്യും



