കേരളം കത്തുന്നു: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശങ്ങള്‍
സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ സൂര്യഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
38°C വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലും, 37°C വരെ പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 36°C വരെ, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലും താപനില ഉയർന്നേക്കാം. പകല്‍ 11 am മുതല്‍ 3 pm വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികള്‍, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കണം.
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. ഒ.ആർ.എസ് (ORS) ലായനി, സംഭാരം, ഫ്രഷ് ജ്യൂസുകള്‍ എന്നിവ ശീലമാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പാദരക്ഷകള്‍ നിർബന്ധമായും ധരിക്കുക. പ്രായമായവർ, ഗർഭിണികള്‍, കുട്ടികള്‍, കിടപ്പുരോഗികള്‍ എന്നിവർ ഉച്ചസമയത്ത് വെയില്‍ ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ അസംബ്ലികളും വിനോദയാത്രകളും ഉച്ചസമയത്ത് ഒഴിവാക്കണം. കുട്ടികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കണം.
കന്നുകാലികളെ ഉച്ചവെയിലില്‍ മേയാൻ വിടരുത്. വളർത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണലും വെള്ളവും ഉറപ്പാക്കുക. പാർക്ക് ചെയ്ത കാറുകളില്‍ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടൻ തന്നെ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.



