ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാര്‍ക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കില്‍ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!
നഗരത്തില്‍ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ടോവിംഗ് സംവിധാനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇതിന്റെ ഭാഗമായി, ടോവിംഗ് നിരക്കുകള്‍ നിശ്ചയിക്കുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോള്‍. ഇരുചക്ര വാഹനങ്ങള്‍ക്ക് 650 രൂപയും കാറുകള്‍ക്ക് 1000 രൂപയുമാണ് പുതിയ നിരക്കുകള്‍. ട്രാഫിക് പോലീസ് പാർക്കിംഗ് ലംഘനങ്ങള്‍ക്ക് ഈടാക്കുന്ന നിലവിലുള്ള പിഴകള്‍ക്ക് പുറമെയായിരിക്കും ഈ തുക.പുതിയ സംവിധാനമനുസരിച്ച്, ടോവിംഗ് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ചുമതല അഞ്ച് കോർപ്പറേഷനുകള്‍ക്കാണ്. ഈ വാഹനങ്ങള്‍ ഉപയോഗിച്ച് തെറ്റായി പാർക്ക് ചെയ്‌ത വാഹനങ്ങളെ നീക്കം ചെയ്യുകയും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യേണ്ടത് ട്രാഫിക് പോലീസിന്റെ ഉത്തരവാദിത്തമായിരിക്കും. തുടക്കത്തില്‍, ഓരോ കോർപ്പറേഷനും രണ്ട് വാഹനങ്ങള്‍ വീതം വിന്യസിക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാനും ഈ വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.ടോവിംഗ് നിരക്കുകളില്‍ മാറ്റമൊന്നുമില്ലെങ്കിലും, ഔദ്യോഗികമായി ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്റ്റ്, 2024 ഭേദഗതി ചെയ്‌തുകൊണ്ടുള്ള വിജ്ഞാപനം സർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് പുതിയ സംവിധാനത്തിന് നിയമപരമായ സാധുത നല്‍കുന്നു.അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാവുക മാത്രമല്ല, മനുഷ്യന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നേരത്തെ ജിബിഎയുടെ ചീഫ് കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. നടപ്പാതകളിലും കവലകളിലും മറ്റും അലക്ഷ്യമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളും കത്തില്‍ എടുത്തുപറഞ്ഞിരുന്നു.നഗരത്തില്‍ മുമ്പ് നിലവിലുണ്ടായിരുന്ന ടോവിംഗ് സംവിധാനത്തിന് അതിന്റെതായ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതാണ് വാസ്‌തവം. അന്ന്, ഇരുചക്രവാഹനങ്ങള്‍ വലിച്ചെടുക്കാൻ 300 രൂപയും കാറുകള്‍ക്ക് 500 രൂപയുമാണ് സ്വകാര്യ കരാറുകാർക്ക് ലഭിച്ചിരുന്നത്. ഇതേ തുക ട്രാഫിക് പോലീസിനും ലഭിച്ചിരുന്നു. ഇത് അടിസ്ഥാനപരമായി ഒരു ലാഭവിഹിതം പങ്കിടല്‍ മാതൃകയായിരുന്നു.എന്നാല്‍, വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തില്‍ സ്വകാര്യ ഓപ്പറേറ്റർമാർ നോ-പാർക്കിംഗ് ബോർഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് പോലും വാഹനങ്ങള്‍ മാറ്റാൻ തുടങ്ങി. ഇത് ജനങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. ഈ ജനരോഷം കണക്കിലെടുത്ത്, അന്നത്തെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് നിർത്തലാക്കാൻ ഉത്തരവിടുകയായിരുന്നു.പുതിയ പരിഷ്‌കരിച്ച സംവിധാനത്തില്‍, പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം പരിഗണിക്കാതെ, സിവിക് ബോഡി ഏജൻസികള്‍ക്ക് നിശ്ചിത പ്രതിമാസ പേയ്മെന്റ് നല്‍കും. മുൻ സംവിധാനത്തിലെ അമിതമായ ടോവിംഗിന് പ്രേരണ നല്‍കുന്ന പ്രവണതകളെ ലക്ഷ്യം വെച്ചാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ബെംഗളൂരു നിവാസികള്‍ കൂടുതല്‍ കരുതലോടെ നീങ്ങേണ്ടി വരും.സ്വതവേ ഗതാഗത കുരുക്ക് മൂലം ഇഴയുന്ന ബെംഗളൂരുവിലെ റോഡുകള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചു കൊണ്ടാണ് അനധികൃത പാർക്കിംഗ് യഥേഷ്‌ടം നടന്നിരുന്നത്. പലപ്പോഴും ഇത് കാല്‍നട യാത്രക്കാർക്കും വലിയ രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പുതിയ പിഴ തുക വന്നതോടെ അതിന് കാര്യമായ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.



