തട്ടിപ്പ് കേസ്: കലാഭവൻ സോബി ജോര്‍ജ് അറസ്റ്റില്‍, വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍
കൊച്ചി സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. കള്ളപ്പണ ഇടപാട്, വിസ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിലാണ് സോബി അറസ്റ്റിലായത്.വയനാട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.പ്രതി കഴിഞ്ഞ 20 വർഷമായി തട്ടിപ്പ് തുടരുകയാണെന്നാണ് കൊച്ചി ഊന്നുകല്‍ പോലീസ് പറയുന്നത്. സോബിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം സോബിയുടെ ബസ് ജപ്തി ചെയ്തിരുന്നു. ജപ്തി തടയാനായി ബസിന്റെ ടയറുകള്‍ ഊരിമാറ്റി യിരുന്നുവെങ്കിലും പോലീസും ആർടിഒയും ക്രെയ്നുമായി എത്തിയാണ് ബസ് ജപ്തി ചെയ്ത് കൊണ്ടുപോയത്.ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും സ്ഥലത്തെത്തിയാണ് നടപടികള്‍ പൂർത്തിയാക്കിയത്. 2013ല്‍ അമേരിക്കയിലെ സൂപ്പർ മാർക്കറ്റില്‍ മകനു ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യന്റെ കൈയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയ കേസില്‍ ആയിരുന്നു നടപടി.2018ല്‍ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നല്‍കാൻ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതു നടപ്പായില്ല. ഇതോടെ 2025 സെപ്റ്റംബറില്‍ എറണാകുളം പ്രിൻസിപ്പല്‍ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. 2013ല്‍ ജോലി തട്ടിപ്പ് കേസില്‍ സോബിക്കു മൂന്നു വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു.



