നിർമ്മാണ നിരോധനം നീക്കിയശേഷം മുഖ്യമന്ത്രി 24 ന് ഇടുക്കിയിൽ
കട്ടപ്പന: നിർമ്മാണ നിരോധനവും ഭൂ പ്രശ്‌നങ്ങളും പരിഹരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ 24 ന് ജില്ലയിലെത്തുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 6 പതിറ്റാണ്ട് മുമ്പ് ഇടുക്കിയിലാരംഭിച്ച കുടിയേറ്റ ജനതയുടെ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിനാണ് പിണറായി സർക്കാർ പരിഹാരം പരിസ്ഥിതിവാദികളും കയ്യേറ്റക്കാരെന്നും കൊള്ളക്കാരെന്നും മലയോര ജനതയെ ചാപ്പ കുത്തി അധിക്ഷേപിച്ച കാലത്തുനിന്നും സ്വാതന്ത്ര്യത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവസരമൊരുക്കിയ ഭരണാധികാരിയാണ് ജില്ലയിലെത്തുന്നതെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ പറഞ്ഞു.
കോൺഗ്രസ്സ് ഭരണകാലത്ത് നടന്ന 10 കുടിയിറക്കുകളെ പൊരുതി തോൽപ്പിച്ച് കുടിയേറ്റ മണ്ണിൽ കർഷകരെ ഉറപ്പിച്ചു നിർത്തിയത് ഇടതുപക്ഷമാണ്. പിന്നീട് അധികാരം കിട്ടിയപ്പോഴെല്ലാം കർഷകരെ കുടിയിരുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു സങ്കീർണമായ ഭൂ പ്രശ്‌നങ്ങൾ തലനാരിഴകീറി പരിശോധിച്ച് നിയമകുരുക്കുകളും ചുവപ്പ് നാടകളും കണ്ടെത്തി സമ്പൂർണമായ പരിഹാരത്തിനാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഒരേ സമയം സർക്കാർ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയും കോടതി വ്യവഹാരങ്ങളിൽ നിയമ പോരാട്ടം നടത്തിയുമാണ് പിണറായി സർക്കാർ വിജയം കണ്ടത്. കേരള ഹൈക്കോടതി ഇടുക്കിയിലെ കേസുകൾക്കായി പ്രത്യേക ബഞ്ച് രൂപീകരിച്ച് ആഴ്‌ചയിൽ ഒരുദിവസം സിറ്റിംഗ് നടത്തുകയായിരുന്നു.
അത്രമാത്രം സങ്കീർണമായിരുന്നു ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങൾ അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തിൽ 164 സർക്കാർ അഭിഭാഷകരെ അണിനിരത്തിയാണ് സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കുവേണ്ടി പോരാട്ടം നടത്തിയത് പരിസ്ഥിതി സംഘടനകൾ യുഡിഎഫിന്റെ ഒത്താശയിൽ നടത്തിയ നീക്കങ്ങളാണ് സർക്കാർ നിയമ പോരാട്ടത്തിലൂടെ അതിജീവിച്ചത്. 60 വർഷക്കാലയളവിനുള്ളിൽ ജില്ലയിൽ നടന്ന മുഴുവൻ നിർമ്മാണങ്ങളും അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ കേസിൻമേലാണ് വിധിയുണ്ടായത്. ലക്ഷക്കണക്കായ ഈ നിർമ്മാണങ്ങൾ മുഴുവൻ നിയമവിധേയമാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം സർക്കാർ ഏറ്റെടുത്ത് യാഥാർത്ഥ്യമാക്കി. 1960 ലെ ഭൂ നിയമം സമഗ്രമായി ഭേദഗതി ചെയ്‌തു. പുതിയ ചട്ടങ്ങൾ രൂപീകരിച്ചു നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നിയമപരമാക്കുന്നതിന് അവസരമൊരുക്കി അതിനുമപ്പുറം പട്ടയ ഭൂമിയിൽ എത് വിധത്തിലുള്ള നിർമ്മാണങ്ങളും സാധ്യമാണെന്നുള്ള പുതിയ വിജ്ഞാപനം ഇറക്കി.
മലയോര കർഷകരുടെ രക്ഷകർത്താവായി അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാറുകയായിരുന്നു ഹൈക്കോടതിയിൽ മാത്രമല്ല സുപ്രീം കോടതിയിലും സിഎച്ച്ആറിനുവേണ്ടി സർക്കാർ ഇപ്പോഴും പൊരുതുകയാണ്. ലാൻഡ് രജിസ്റ്ററിൽ ഏലം എന്ന് ചേർത്തിരുന്നവർക്ക് പട്ടയം ലഭിക്കില്ല എന്നായിരുന്നു പ്രചരണം നടന്നത്. അതിനെയും അതിജീവിച്ച് സർക്കാർ ഉത്തരവിറക്കി. ഷോപ്പ്സൈറ്റുകൾക്കും ആരാധനാലയങ്ങൾക്കും അനുവദിച്ചു. യുഡിഎഫ് കാലത്തെ 16 ഉപാധികൾ നീക്കം ചെയ്‌ത് 45500 പട്ടയം വിതരണം ചെയ്തു. ജില്ലയിലെ ജനങ്ങൾക്കുവേണ്ടി സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്വം പൂർണമായി നിർവ്വഹിക്കുകയും കോൺഗ്രസ്സ് ഭരണകാലത്ത് കൊണ്ടുവന്ന ജില്ലയ്ക്കെതിരായ നീക്കങ്ങൾ മുഴുവൻ രാഷ്ട്രീയമായി ചെറുത്തു തോൽപ്പിക്കുകയും ചെയ്‌തു കേന്ദ്ര പരിസ്ഥിതി മന്ത്രി ഇടുക്കിയിലെ പച്ചപ്പിൽ കണ്ണുവെച്ച് അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകളുമായി ചേർന്ന് ഇടുക്കിയെ വനമാക്കി മാറ്റാനും നിർബന്ധിത കുടിയിറക്കിനും ഗൂഢശ്രമം നടത്തി. അതിനുവേണ്ടി കൊണ്ടുവന്ന ഗാഡ്‌ഗിൽ - കസ്‌തൂരി രംഗൻ കമ്മീഷനുകളെ ഇടതുപക്ഷമാണ് ചെറുത്തു തോൽപ്പിച്ചത്.
അടൂർ പ്രകാശ് റവന്യൂ മന്ത്രിയും തിരുവഞ്ചൂർ വനം മന്ത്രിയുമായിരിക്കെ ഇടുക്കിയിലെ പല പ്രദേശങ്ങളും ഇഎഫ്എൽ ആയി പ്രഖ്യാപിച്ച് ജനവാസത്തെ നിരോധിച്ചിരുന്നു. കെ. സുധാകരൻ വനം മന്ത്രിയായിരിക്കെ മതികെട്ടാൻ, പാമ്പാടുംചോല, ആനമുടിചോല തുടങ്ങി 3 ജനവാസ കേന്ദ്രങ്ങൾ വനമായി പ്രഖ്യാപിച്ച് ദേശീയോധ്യാനമാക്കി വി.ഡി. സതീശൻ നേതൃത്വം നൽകിയ ഹരിത എംഎൽഎ മാർ ബഫർസോൺ 8 കിലോമീറ്റർ ആക്കണമെന്ന് ആവശ്യപ്പെട്ടു ഇത്തരത്തിൽ കോൺഗ്രസ്സും പരിസ്ഥിതി സംഘടനകളും ജില്ലയ്ക്കെതിരായി കൊണ്ടുവന്ന കരിനിയമങ്ങളും ഗൂഢനീക്കങ്ങളും പ്രതിരോധിച്ച് കോടതി വ്യവഹാരങ്ങളെ മറികടന്ന് സ്വതന്ത്രവും സുഗമവുമായ മനുഷ്യജീവിതം ജില്ലയിൽ ഉറപ്പു വരുത്തിയാണ് മുഖ്യമന്ത്രി എത്തുന്നത്.
ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജില്ലയിലെ എൽഡിഎഫ് എംഎൽഎ മാരും നേതൃത്വവും തുടർന്നുമുണ്ടാകും. ഇടുക്കി ജില്ലയുടെ ഗതിമാറ്റിയ എൽഡിഎഫ് സർക്കാർ വീണ്ടും തുടരേണ്ടതിനും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായും വോട്ട് അഭ്യർത്ഥിച്ചെത്തുന്ന മുഖ്യമന്ത്രിയുടെ സമ്മേളനങ്ങൾ വൻ വിജയമാക്കിമാറ്റാനും മലയോര ജനതയുടെ സ്നേഹവായ്‌പുകൾ പങ്കുവയ്ക്കുവാനും മുഴുവൻ ജനങ്ങളും മുന്നോട്ട് വരണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
ചൊവ്വാഴ്ച രാവിലെ 10.00 ന് കട്ടപ്പനയിലും 3.00 ന് അടിമാലിയിലും 4.00 ന് നെടുങ്കണ്ടത്തും 5.00 ന് വണ്ടിപ്പെരിയാറിലുമാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സിപിഐ ജില്ലാ അസി. സെക്രട്ടറി വി.ആർ. ശശി, കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, നേതാക്കളായ കെ എസ് മോഹനൻ, വി.ആർ സജി, മാത്യു ജോർജ്, സി എസ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.



