സമുദായ നേതാക്കളെയും പാര്‍ട്ടിയിലെ മുതിര്‍ന്നവരെയും നേരില്‍ കണ്ട് റോഷി
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ ഇന്ന് മാറ്റിവച്ചത് സമുദായ നേതാക്കളെയും മതമേലധ്യക്ഷന്‍മാരെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും നേരില്‍ കണ്ട് അനുഗ്രഹം നേടുന്നതിന്. രാവിലെ പാലായിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് അനുഗ്രഹം തേടി. പിതാവുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് റോഷി അരമനയില്‍ നിന്ന് മടങ്ങിയത്.
തുടര്‍ന്ന് രാമപുരത്ത് എത്തിയ റോഷി കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവ് അപ്പന്‍ ചേട്ടന് അറിയപ്പെടുന്ന പി.ജെ. ജോണ്‍ പുതിയിടത്തുചാലിനെ വീട്ടില്‍ ചെന്നു കണ്ട് അനുഗ്രഹം തേടി. അവിടെ നിന്ന് ചങ്ങനാശേരയില്‍ എത്തിയ റോഷി ചങ്ങനാശേരി വേരൂര്‍ പള്ളിയിലെത്തി വിശുദ്ധ യൗസേഫ് പിതാവിന്റെ മരണത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള ഊട്ടു നേര്‍ച്ചയില്‍ പങ്കുകൊണ്ടു. ചങ്ങനാശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്കു ശേഷം പെരുന്നയിലെത്തിയ റോഷി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ നേരില്‍ കണ്ട് അനുഗ്രഹം തേടി. അവിടെനിന്ന് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചാണ് ഇടുക്കിയിലേക്ക് മടങ്ങിയത്.

