കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ പരീക്ഷ നടക്കുന്നതിനിടെ ടീച്ചര്‍മാര്‍ക്ക് തോന്നിയ സംശയം; വിദ്യാര്‍ത്ഥിയെ ഒന്ന് അടിമുടി പരിശോധിച്ചതും പുറത്തായത് വലിയൊരു ആള്‍മാറാട്ട കഥ; കാസര്‍കോട്ടെ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്നത് സിനിമയെ വെല്ലും രംഗങ്ങള്‍
മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു പരീക്ഷയ്ക്കിടെ നടന്ന ആള്‍മാറാട്ടം വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.പ്ലസ് ടു വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാനെത്തിയ ഇരുപതുകാരനായ മുഹമ്മദ് മുക്താറിനെ അധ്യാപകർ കയ്യോടെ പിടികൂടി.മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ തട്ടിപ്പ് അരങ്ങേറിയത്. പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നി സംശയമാണ് വലിയൊരു ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. സ്കൂള്‍ പ്രിൻസിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതിയ യുവാവിനും വിദ്യാർത്ഥിക്കുമെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷാ ഹാളില്‍ ഇരുന്നത് മുഹമ്മദ് മുക്താർ എന്ന ഇരുപതുകാരനാണ്. കൃത്യമായ പരിശോധനയിലൂടെയാണ് ഇയാള്‍ വിദ്യാർത്ഥിയല്ലെന്ന് അധികൃതർ കണ്ടെത്തിയത്.കുറ്റകൃത്യത്തില്‍ പങ്കാളികളായ രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു വരികയാണ്. ഇവർ തമ്മില്‍ മുൻകൂട്ടി പ്ലാൻ ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധന.ഇതേ സ്കൂളില്‍ തന്നെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കിടെ സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച മറ്റൊരു വിദ്യാർത്ഥിയെയും അധ്യാപകർ പിടികൂടിയിട്ടുണ്ട്. പരീക്ഷാ ഹാളില്‍ ഫോണ്‍ നിരോധിച്ചിരിക്കെയാണ് അധ്യാപികയുടെ ശ്രദ്ധയില്‍ ഈ തട്ടിപ്പ് പെട്ടത്.തുടർച്ചയായുണ്ടാകുന്ന ഇത്തരം പരീക്ഷാ ക്രമക്കേടുകള്‍ സ്കൂള്‍ അധികൃതരെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരീക്ഷാ ഹാളുകളില്‍ പരിശോധന കൂടുതല്‍ കർശനമാക്കാനാണ് തീരുമാനം. നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികള്‍ക്ക് പുറമെ അവർക്ക് സഹായം നല്‍കുന്നവർക്കെതിരെയും കർശനമായ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

