പതിവ് മുടക്കാതെ റോഷി, കെഎം മാണിയുടെ കല്ലറയില്‍ പുഷ്പം അര്‍പ്പിച്ച് പ്രചാരണത്തിന് തുടക്കം
ഇടുക്കി: പതിവു പോലെ റോഷി അഗസ്റ്റിന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത് യശ്ശശരീരനായ കെ.എം. മാണിയുടെ കല്ലറയില്‍ പുഷ്പം അര്‍പ്പിച്ച്. ഇന്നലെ രാവിലെ തന്നെ പാലാ കത്തീഡ്രല്‍ പള്ളിയിലെത്തിയാണ് ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റോഷി രാഷ്ട്രീയ ഗുരുവായ കെഎം മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ചത്. മാണി സാര്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ ശേഷമാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രാര്‍ഥിച്ച ശേഷമാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
കല്ലറയില്‍ നിന്ന് പാലായിലെ മാണി സാറിന്റെ കുടുംബ വീട്ടിലെത്തി കെഎം മാണിയുടെ പത്‌നി കുട്ടിയമ്മയുടെ അനുഗ്രഹം തേടിയ റോഷി, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുമായി ഏറെ നേരം ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. ഇന്നലെ ചെറുതോണിയില്‍ റോഡ് ഷോയോടു കൂടി തുടങ്ങിയ ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിച്ച റോഷി അതിനു മുന്‍പായി പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, സിഎസ്‌ഐ ഈസ്റ്റ കേരള മഹായിടവക ബിഷപ്പ് വി.എസ്. ഫ്രാന്‍സിസ് എന്നിവരെയും സന്ദര്‍ശിച്ച് റോഷി അനുഗ്രഹം തേടി.

