പാചകവാതക വിതരണവും ജലവിതരണവും നിലച്ചു ; തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ (സി.ഇ.ടി) ഒരാഴ്ചത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചു. പാചകവാതക ക്ഷാമവും പൈപ്പുകളിലൂടെയുള്ള ജലവിതരണം നിലച്ചതും മൂലം ഹോസ്റ്റലുകളുടെ പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിലാണ് കോളേജ് അധികൃതർ ഈ അടിയന്തര തീരുമാനമെടുത്തത്.കോളേജ് ഹോസ്റ്റലുകള്‍ക്ക് പുറമെ ക്യാമ്പസിന് ചുറ്റുമുള്ള മുപ്പതോളം സ്വകാര്യ ഹോസ്റ്റലുകളും പ്രവർത്തനമവസാനിപ്പിച്ച് അടച്ചുപൂട്ടി. ഇതോടെ നൂറുകണക്കിന് വിദ്യാർഥികളാണ് പെരുവഴിയിലായത്.നിലവില്‍ ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാർഥികളോട് ഉടൻ തന്നെ ഒഴിഞ്ഞുപോകാണമെന്ന് ഉടമകള്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് പാചകവാതക വിതരണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പുകളില്‍ വെള്ളം വരാത്തതും കൂടിയായപ്പോള്‍ മെസ്സുകളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.ഭക്ഷണം പാകം ചെയ്യാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ കുട്ടികളെ താമസിപ്പിക്കുന്നത് പ്രായോഗികമല്ല' എന്ന് പ്രൈവറ്റ് ഹോസ്റ്റല്‍ അസോസിയേഷൻ പ്രതിനിധികള്‍ അറിയിച്ചു. കോളേജ് അധികൃതരും സ്വകാര്യ ഹോസ്റ്റലുകളും അപ്രതീക്ഷിതമായി അവധി പ്രഖ്യാപിച്ചതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ കടുത്ത പ്രയാസത്തിലാണ്. ട്രെയിനുകളില്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പലർക്കും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്. അടുത്ത തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, ജലവിതരണവും ഗ്യാസ് ക്ഷാമവും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അവധി നീളാൻ സാധ്യതയുണ്ട്.

