കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; മുഖ്യപ്രതിയെ ഒഡീഷയില്‍നിന്ന് പിടികൂടി വിഴിഞ്ഞത്തെത്തിച്ചു
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യപ്രതിയെ ഒഡീഷയില്‍ നിന്ന് പിടികൂടി വിഴിഞ്ഞത്തെത്തിച്ചു.ഒഡീഷയിലെ കോരാപൂർ സ്വദേശി മഹേന്ദ്ര സിസ (21) യെയാണ് പിടികൂടിയത്. വിഴിഞ്ഞം പോലീസിലെ അഞ്ചംഗ സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.ജനുവരി 10ന് കോവളം മുക്കോല ബൈപ്പാസില്‍ നാല് കിലോ കഞ്ചാവും പൂന്തുറയില്‍നിന്ന് 53 കിലോ കഞ്ചാവ് ശേഖരവും സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിനൊടുവിലാണ് മുഖ്യ പ്രതി പിടിയിലായത്. ബൈപ്പാസില്‍നിന്ന് പിടിയിലായ മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് മഹേന്ദ്ര സിസയെക്കുറിച്ച് വിഴിഞ്ഞം പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തില്‍ സുഹൃത്തില്‍നിന്ന് ഫോട്ടോയും ഫോണ്‍ നമ്പരും കണ്ടെത്തിയ പോലീസ് സംഘം പ്രതിയെ തേടി ഒഡീഷയിലെത്തുകയായിരുന്നു.മൊബൈല്‍ കോള്‍ പിന്തുടർന്ന് ഒഡീഷയിലെ ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഗ്രാമത്തില്‍നിന്ന് പുറത്തെത്തിച്ച് 11 മണിക്കൂർ നീണ്ട സാഹസികതയ്ക്കൊടുവിലാണ് പ്രതിയെ കുടുക്കുന്നത്. കൊരാപൂർ സ്റ്റേഷൻ പരിധിയിലെ പദ്വവയില്‍ വച്ച് ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാർ കുറുകെയിട്ട് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മൂന്ന് സഹോദരന്മാർ ഉള്‍പ്പെടെയുള്ള നാല് പേർക്കും കഞ്ചാവ് കച്ചവടമാണ് തൊഴിലെന്നും ഏക്കർ കണക്കിന് സ്ഥലങ്ങളില്‍ ഇവർ കഞ്ചാവ് കൃഷി ചെയ്യുന്നതായും പോലീസ് പറഞ്ഞു. പ്രതിയെ പിടി കൂടിയതിനെ തുടർന്ന് പലവിധ പ്രലോഭനങ്ങള്‍ ഉണ്ടായെങ്കിലും വഴങ്ങാതെയാണ് പ്രതിയുമായി പോലീസ് സംഘം വിഴിഞ്ഞത്ത് എത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

