തിരുവല്ലയില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം : പഞ്ചായത്ത് അംഗത്തിനും യുവാവിനും പരിക്ക്
കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘം നടത്തിയ ആക്രമണത്തില്‍ പഞ്ചായത്ത് അംഗത്തിനും ഭർതൃ സഹോദരൻറെ മകനും പരിക്ക്.കുറ്റൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആയ മധുക്കുഴിയില്‍ വീട്ടില്‍ അനുപമ രാജൻ, ഭർതൃ സഹോദര പുത്രൻ മിഥുൻ എന്നിവർക്കാണ് പരിക്കേറ്റത്. വീടിൻറെ ജനാല സംഘം അടിച്ച് തകർത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.രാത്രി എട്ടരയോടെ അനുപമയും മക്കളും സഹോദര പുത്രൻ മിഥുനും വീടിൻറെ സിറ്റൗട്ടില്‍ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ രണ്ടംഗസംഘം ബൈക്കില്‍ എത്തി. തുടർന്ന് യാതൊരു പ്രകോപനവും ഇല്ലാതെ അസഭ്യം പറഞ്ഞു. മിഥുൻ ഇത് ചോദ്യം ചെയ്തതോടെ ഇരുവരും ബൈക്ക് ഓടിച്ചു പോയി. രണ്ടു മിനിറ്റുകള്‍ക്കും സംഘം വീണ്ടും തിരികെയെത്തി വീടിൻറെ മുമ്പില്‍ ബൈക്ക് നിർത്തി അസഭ്യവർഷം തുടർന്ന്. ഇതിനിടെ സംഘത്തില്‍ ഒരാള്‍ ഫോണില്‍ വിവരം അറിയിച്ചു തന്നെ തുടർന്ന് കാറിലും ബൈക്കിനുമായി 18 ഓളം പേരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി. ഇവർ കൂട്ടത്തോടെ വീടിൻറെ സിറ്റൗട്ടിലേക്കും കാർപോർച്ചും ഇരച്ചു കയറി. മിഥുനെ സംഘം ചവിട്ടി വീഴ്ത്തിയ ശേഷം മർദ്ദിച്ചു. ഇത് തടയാൻ എത്തിയ ഗ്രാമപഞ്ചായത്തംഗം അനുപമയെയും സംഘത്തില്‍ ഒരാള്‍ തൊഴിച്ചു വീഴ്ത്തി.തുടർന്ന് വീടിൻറെ കാർപോർച്ചിലെ ജനല്‍ ചില്ല അടിച്ചു പൊട്ടിച്ചു. സംഭവ സമയം രാജൻ വീട്ടില്‍ ഉണ്ടായിരുന്നില്ല. ബഹളം കേട്ട് എത്തിയ സമീപവാസികളെയും സംഘം വിരട്ടി. തുടർന്ന് സംഘം വാഹനങ്ങളില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കുറ്റൂർ എട്ടാം വാർഡില്‍ കല്ലൂക്കുളം സ്വദേശിയായ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത് എന്നും സംഘത്തില്‍ ഉണ്ടായിരുന്നവരെ കണ്ടാല്‍ അറിയാമെന്നും അനുപമ രാജൻ പറഞ്ഞു. അനുപമ രാജന്റെയും മിഥുന്റെയും മൊഴി പ്രകാരം കല്ലൂർക്കുളം സ്വദേശി ജയരാജ് അടക്കം 20 പേർക്കെതിരെ കേസെടുത്തതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.

