വികസനത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും മാതൃകയായി കേരളം: മന്ത്രി വി.എൻ. വാസവൻ
ചെറുതോണി: കഴിഞ്ഞ പത്തു വർഷത്തിനിടെ ഒരു വർഗീയ കലാപം പോലും ഉണ്ടാകാത്ത ഏക സംസ്ഥാനം കേരളമാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മന്ത്രി റോഷി അഗസ്റ്റിൻ ക്യാപ്റ്റനായി നയിക്കുന്ന 'വികസന മുന്നേറ്റ യാത്ര' മൂലമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനം സമാനതകളില്ലാത്തതാണെന്നും അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറാനുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഇവിടേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുന്നതാണ് ഇടതുമുന്നണിയുടെ നയം. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്ന് ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ഇടതുമുന്നണി പ്രതിജ്ഞാബദ്ധം ആണെന്ന് മന്ത്രി വ്യക്തമാക്കി.
ഇടുക്കിയെ ഏത് പ്രതിസന്ധിയിലും ചേർത്തുനിർത്തുന്ന സർക്കാരാണിതെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 2018-ലെ പ്രളയകാലത്തും കോവിഡ് കാലഘട്ടത്തിലും സർക്കാർ നൽകിയ കരുതൽ ഇടുക്കിയിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. ഇടുക്കി മെഡിക്കൽ കോളേജിനെ പതിറ്റാണ്ടുകൾ പഴക്കമുള്ള മെഡിക്കൽ കോളേജുകളുമായാണ് പലരും താരതമ്യം ചെയ്യുന്നത്. എന്നാൽ ഓരോ വർഷവും കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഇവിടെ ഒരുക്കുകയാണ് സർക്കാർ. മെഡിക്കൽ കോളേജിൽ ഉടൻ തന്നെ കാത്ത് ലാബ് പ്രവർത്തനസജ്ജമാകുന്നതോടെ ജില്ലയിൽ തന്നെ ഹൃദ്രോഗ ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തിൽ തകർന്ന റോഡുകൾ ഭൂരിഭാഗവും ബി എം ബി സി നിൽവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. ചെറുതോണിയിൽ കെ എസ് ആർ ടി സി സബ് ഡിപ്പോ സ്ഥാപിച്ചു. മണ്ഡലത്തിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തി. ഇടുക്കി മണ്ഡലത്തിൽ സർവതല സ്പർശിയായ വികസനം ആണ് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സമാപന സമ്മേളനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. റോമിയോ സെബാസ്റ്റ്യൻ മാനേജരായ ജാഥയില്‍ എം.കെ. പ്രിയന്‍ ആണ് വൈസ് ക്യാപ്‌റ്റന്‍. അംഗങ്ങളായ ഷാജി കാഞ്ഞമല, കെ. ജി. സത്യന്‍, കെഎല്‍ ജോസഫ്, സുനില്‍ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍, ജയിംസ് മ്ലാക്കുഴി, സിനോജ് വള്ളാടി, സോമന്‍ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

