*വിവിധ മേഖലകളിലുണ്ടായ മാറ്റം നാടിന്റെ വികസനത്തിന്റെ ഭാഗം: മന്ത്രി റോഷി അഗസ്റ്റിന്‍* വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിന് തുടക്കം*
*വിവിധ മേഖലകളിലുണ്ടായ മാറ്റം നാടിന്റെ വികസനത്തിന്റെ ഭാഗം: മന്ത്രി റോഷി അഗസ്റ്റിന്‍*വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിന് തുടക്കം* വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ആരോഗ്യ, ഗതാഗത, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലുണ്ടായ മാറ്റം നാടിന്റെ വികസനത്തിന്റെ ഭാഗമാണന്നും വളര്‍ന്നു വരുന്ന തലമുറയ്ക്കായി ആവശ്യമായ സൗകര്യങ്ങള്‍ രൂപപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വാത്തിക്കുടി പഞ്ചായത്തില്‍ ആരംഭിച്ച പതിനാറാംകണ്ടം, തോപ്രാംകുടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഇടുക്കി മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഇടുക്കി എഞ്ചിനിയറിംഗ് കോളേജ്, കോളേജ് ഹോസ്റ്റലുകള്‍, പോളിടെക്നിക് കോളേജ്, ഐഎച്ച്ആര്‍ഡി ഇവയെല്ലാം ഇടുക്കിയുടെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയുടെ അടയാളങ്ങളാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ വര്‍ഷം 100 ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ ഇടുക്കിയുടെ മണ്ണില്‍ നിന്ന് പുറത്തിറങ്ങുകയാണ്. മെഡിക്കല്‍ കോളേജ് റഫറന്‍സ് കേന്ദ്രമാണ്. അരമണിക്കൂറിനുള്ളില്‍ റഫറന്‍സ് കേന്ദ്രത്തിലെത്താന്‍ കഴിയുന്നത് നാടിനുണ്ടായ വികസനമാണ്. അറുപതും എഴുപതും വര്‍ഷം പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജുകളോട് 10-12 വര്‍ഷം മാത്രമായ ഇടുക്കി മെഡിക്കല്‍ കോളേജിനെ താരതമ്യപ്പെടുത്തുന്നത് യുക്തിയല്ല. അക്കാദമിക രംഗത്ത് ഇടുക്കി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ മറ്റു കോളേജ് വിദ്യാര്‍ഥികളെക്കാള്‍ മികച്ച വിജയം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് നവീകരണ രംഗത്തും വലിയ പുരോഗതി സാധ്യമായി. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം പാത റോഡ് നവീകരണത്തിന്റെ ഉദാഹരണമാണ്. മുരിക്കാശേരി മുതല്‍ കോളേജ് ജംഗ്ഷന്‍ വരെയുള്ള റോഡ് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തുക അനുവദിച്ചു. പാലങ്ങളും റോഡുകളും ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ചു. ശുദ്ധജല വിതരണത്തിന് ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് ജലസംഭരണി നിര്‍മ്മിച്ചു. അതിനോട് അനുബന്ധിച്ച് ജലേതര വരുമാനം ലക്ഷ്യംവച്ച് വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൗസുകള്‍ ജില്ലാ ആസ്ഥാനത്ത് തുറന്നു. എല്ലാ വീട്ടിലും ശുദ്ധജല വിതരണം ചെയ്യുന്നതിന്റെ ഭാഗമായി 800 കോടി രൂപയുടെ പദ്ധതിയാണ് ഇടുക്കി നിയോജകമണ്ഡലത്തില്‍ മാത്രം നടപ്പാക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 17 ലക്ഷം കുടുംബങ്ങളിലാണ് കുടിവെള്ളം എത്തിയിരുന്നത്. മൂന്നര വര്‍ഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇടുക്കി ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ ഷോ, മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍, ഇറിഗേഷന്‍ മ്യൂസിയം, കട്ടപ്പന-തേനി തുരങ്കപാത ഇവയെല്ലാം നാടിന്റെ പുരോഗതിക്കായി യാഥാര്‍ഥ്യമാകുന്ന പദ്ധതികളാണ്. നാടിന്റെ വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായി കൂട്ടായശ്രമം വേണമെന്നും, ആ പാരമ്പര്യമാണ് ഇടുക്കി എക്കാലത്തും നിലനിര്‍ത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശേരി-തേക്കിന്‍തണ്ട് റോഡ്, രാജപുരം- കീരിത്തോട് റോഡ്, പള്ളിക്കുടി സിറ്റി-മാങ്കുത്ത് പാലം റോഡ്, മുരിക്കാശേരി ബൈപാസ് റോഡുകള്‍, രാജമുടി- പതിനേഴ്കമ്പി-കിളിയാര്‍ റോഡ്, മാലിക്കുത്ത്-കള്ളിപ്പാറ റോഡ് എന്നീ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനമാണ് മന്ത്രി മുരിക്കാശേരിയില്‍ നിര്‍വഹിച്ചത്.മുരിക്കാശേരി ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്തംഗം കെ.എം ബോബസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബേബി കാഞ്ഞിരത്താംകുന്നേല്‍, ജെയ്മേന്‍ ജേക്കബ്, സാജു മാത്യു, ബെന്നി തടത്തില്‍, സിബിച്ചന്‍ തോമസ്, കെ.എ അലി തുടങ്ങിയവര്‍ സംസാരിച്ചു.ചിത്രം: മുരിക്കാശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു.

