മഹാന്മാര്‍ ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്‍: പി.കെ. ശശി
ജനകീയരായ മഹാന്മാര്‍ ഇരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് പി.കെ.ശശി. മാര്‍ക്‌സിസ്റ്റ് കൂട്ടായ്മ ജില്ലാതല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി. ഭരണ സൗകര്യം ഉപയോഗിച്ച് പല നേതാക്കളും നടത്തിയ തോന്നിവാസങ്ങളും അഴിമതികളുമൊന്നും വിശദീകരിക്കുന്നില്ല. ഉത്തരവാദപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരിക്കുന്ന ആള്‍ സ്പിരിറ്റ് കേസില്‍ പ്രതിയായി. അതിനെതിരെ പാര്‍ട്ടിക്കകത്ത് ശബ്ദം ഉയര്‍ത്തിയതിന് വേട്ടയാടുകയാണ്.ലോകത്ത് ഉത്ര കഴിവുള്ള ഒരു ജില്ലാ സെക്രട്ടറി വേറെ കാണില്ല. രണ്ട് സഖാക്കള്‍ തമ്മില്‍ മാനസിക അടുപ്പമുള്ളതായി കണ്ടാല്‍ മൂന്നാംദിനം അവരെ ശത്രുവാക്കും. എന്താണ് അതിലെ ടെക്‌നിക്് എന്നറിയില്ല. യോജിപ്പോടെ ഇരിക്കുന്ന സഖാക്കളെ തെറ്റിക്കും. അഞ്ചുവര്‍ഷം കൊണ്ട് അനേകായിരങ്ങലെ വിരോധികളാക്കിയ സെക്രട്ടറിയും ഭൂമി മലയാളത്തില്‍ വേറെ കാണില്ല. അവരെ മുഴുവന്‍ പങ്കെടുപ്പിച്ചാണ് കണ്‍വന്‍ഷന്‍ വിളിക്കുന്നതെങ്കില്‍ പാലക്കാട് കോട്ടമൈതാനം പോലും മതിയാവാതെ വരും.സുരേഷ്ബാബുവിന്റെ ജാതകം വായിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വായിച്ചുതുടങ്ങിയാല്‍ നിങ്ങള്‍ തലകറങ്ങി വീഴും. അക്ഷരം കണ്ടാല്‍ ഉറക്കം വരുന്നവരെയാണ് നേതാക്കളാക്കിയത്. മണ്ണാര്‍ക്കാട്ട് 1500 കുട്ടികള്‍ പഠിച്ചിരുന്ന സ്ഥാപനമാണ് പൊളിച്ചത്. ഇന്നവിടെ 350 കുട്ടികളാണുള്ളത്. പലിശയ്ക്ക് പണം കൊടുത്തല്‍ പണിയാക്കിയ ആളുടെ നീലച്ചിത്രത്തിലെ കഴിവ് ജില്ലകള്‍ക്ക് അപ്പുറത്തേക്ക് എത്തിയപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാക്കി.വൈകീട്ട് ഏഴുമണി കഴിഞ്ഞാല്‍ ഫോണ്‍ എടുക്കാത്ത ആളാണ് മറ്റൊരു സെക്രട്ടേറിയറ്റ് അംഗം. ഇനി അഥവാ ഫോണ്‍ എടുത്താല്‍ പിന്നെ പച്ചതെറിയാണ് പറയുക. ഉന്നത നേതാവ് വിളിച്ചപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. മറ്റൊരു കേമന് ഭൂമിക്കച്ചവടമാണ്. അതില്‍ ഉടക്കി സെക്രട്ടേറിയറ്റ് മെമ്പറാക്കി. തൊഴിലുറപ്പുമായി നടന്ന ആളുമുണ്ട്. അത് ഞാനിങ്ങ് എടുക്കുവാ എന്ന് സുരേഷ്‌ഗോപി പറഞ്ഞതുപോലെ മൊത്തമായി അത് ഏറ്റെടുത്തു. ഇതൊക്കെ പറഞ്ഞ് വായ നശിപ്പിക്കുന്നില്ലെന്നും ശശി പറഞ്ഞു.അഞ്ചുപൈസക്ക് യോഗ്യതയില്ലാത്ത ഒരുത്തനെ പിടിച്ച് ഏരിയാ സെക്രട്ടറിയാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എല്ലാം പോയാലും വേണ്ടില്ല എന്നാണത്ര അയാള്‍ പറഞ്ഞത്. യൂത്ത് സെന്ററില്‍ വെച്ചാണ് ആദ്യമായി കഞ്ചാവ് വലിച്ചതെന്നും പിന്നെ കള്ളും തന്നെന്നും യൂത്ത് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും സാക്ഷി പറഞ്ഞിട്ടും നടപടിയില്ല.ജില്ലയില്‍ പാര്‍ട്ടി രക്ഷപ്പെടാന്‍ ആദ്യം ചെയ്യേണ്ടത് സ്പിരിറ്റ് കച്ചവടക്കാരനെ പുറത്താക്കണം. മുക്കില്‍ കിടന്നവനെ മുന്‍നിരയിലേക്ക് കൊണ്ടുവന്നത് ഇത്രവലിയ ദുരന്തമാകുമെന്ന് കരുതിയില്ല. കള്ളും കാശുവാങ്ങലും ഉണ്ടെങ്കിലും നേരാക്കാം എന്ന് കരുതിയാണ് കൊണ്ടുവന്നത്. പക്ഷേ, തെറ്റുപറ്റി. അതിവിടെ തുറന്നുപറയുന്നതായും ശശി വ്യക്തമാക്കി.ഭീഷണിപ്പെടുത്തുന്നവര്‍ ബലാഗുളിച്യാദിയിട്ട് കിടക്കേണ്ടി വരും. കാണിച്ചുതരാം, ശരിപ്പെടുത്തികളയും എന്ന തോന്നലൊക്കെ മനസില്‍ വെച്ചാല്‍ മതി. അവരുടെ ധിക്കാരത്തിന് മുന്നില്‍ വായ പൊത്തി നില്‍ക്കാന്‍ നായ്ക്കളെ കിട്ടും. ഉശിരുള്ള ഒരൊറ്റ കമ്യൂണിസ്റ്റുകാരനെയും കിട്ടില്ലെന്നും ശശി പറഞ്ഞു. ഇത് മനസിലാക്കി നേതൃത്വം ഇടപെടണം. ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വന്‍ഷനാണിത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാ സഖാക്കളെയും ചേര്‍ത്തുനിര്‍ത്തിയിരുന്നുവെന്നും ആ കരുതല്‍ ഇപ്പോള്‍ ഇല്ലെന്നും ശശി കുറ്റപ്പെടുത്തി.കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ചിറ്റൂര്‍ ജനകീയ കൂട്ടായ്മ നേതാവുമായ എം. സതീഷ് അധ്യക്ഷത വഹിച്ചു. എലപ്പുള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ഹരിദാസ്, ശ്രീകൃഷ്ണപുരം മുന്‍ ഏരിയ സെക്രട്ടറി എന്‍. ഹരിദാസ്, വടക്കഞ്ചേരി മുന്‍ ഏരിയ സെക്രട്ടറി എ. ബാലന്‍, അജിത് കുമാര്‍ അമ്പലപ്പാറ, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

