രാജാക്കാട് അഗ്‌നി രക്ഷാനിലയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ദുരന്ത നിവാരണ രംഗത്ത് അതുല്യമായ സേവനമാണ് അഗ്‌നിരക്ഷാ സേന നടത്തുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ദുരന്തനിവാരണ രംഗത്ത് അതുല്യമായ സേവനമാണ് അഗ്‌നിരക്ഷാസേന നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാക്കാട് അഗ്‌നിരക്ഷാ നിലയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്‌നിരക്ഷാ സേനയെ ആധുനികവത്കരിക്കുന്നതിന് അനുകൂലമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 251 കോടി രൂപയാണ് സേനയുടെ നവീകരണത്തിന് ചെലവാക്കിയത്. പുതിയതായി 12 അഗ്‌നി രക്ഷാ നിലയങ്ങള്‍ ആരംഭിച്ചു. നിലവില്‍ സംസ്ഥാനത്ത് 132 അഗ്‌നി രക്ഷാനിലയങ്ങളുണ്ട്. ഇപ്പോള്‍ അത്യാധുനിക സജ്ജീകരണങ്ങളാല്‍ സേന സുസജ്ജമാണെന്നും 2018 പ്രളയത്തിന് ശേഷം സമഗ്രമായ മാറ്റങ്ങളാണ് അഗ്‌നിരക്ഷാ വകുപ്പില്‍ വരുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലാശയ അപകടങ്ങള്‍ നേരിടാന്‍ പര്യാപ്തമായ വിദഗ്ധ ടീം അഗ്‌നി രക്ഷാ സേനക്കുണ്ട്. ദുരന്ത നിവാരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രൂപികരിച്ച സിവില്‍ ഡിഫന്‍സ് സംവിധാനം കാര്യക്ഷമമായി മുന്നോട്ട് പോകുകയാണ്. പതിനായിരത്തോളം സിവില്‍ ഡിഫന്‍സ് വാളന്റിയര്‍മാര്‍ സേവന സജ്ജരായി രംഗത്തുണ്ട്. ചരിത്രത്തില്‍ ആദ്യമായി 100 ഫയര്‍ വുമണ്‍ തസ്തിക അനുവദിച്ചത് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ്. അഗ്‌നി സുരക്ഷാ മേഖലയില്‍ ശാസ്ത്രിയമായ മാറ്റം കൊണ്ടുവരുന്നതിനാണ് കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി സയന്‍സ് റിസേര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ആര്‍ സിറ്റിയില്‍ രാജാക്കാട് അഗ്‌നി രക്ഷാ നിലയം അങ്കണത്തില്‍ ചേര്‍ന്ന പ്രാദേശിക യോഗത്തില്‍ എം എം മണി എംഎല്‍എ അധ്യക്ഷനായി ശിലാഫലക അനാച്ഛാദനവും നിര്‍വഹിച്ചു. അഗ്‌നി രക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പരമപ്രധാനവും മഹത്തരവുമാണെന്ന് ശിലാഫലകം അനാച്ഛാദനം ചെയ്ത് അദ്ദേഹം പറഞ്ഞു. ദുരന്ത മുഖത്ത് ജനങ്ങളെ സംരക്ഷിക്കുന്നതിന് ആദ്യം എത്തുന്നത് അഗ്‌നി രക്ഷാ സേനയാണ്. സേനയുടെ അഭാവത്തില്‍ വലിയ ദുരന്തമായിരിക്കും നേരിടേണ്ടി വരുന്നതെന്നും, പോലിസ്, ഫയര്‍ ഫോഴ്സ് എന്നീ സര്‍ക്കാര്‍ വകുപ്പുകള്‍ സേവന സജ്ജമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിരക്ഷാ സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാജാക്കാട് അഗ്‌നിരക്ഷാ നിലയം അനുവദിക്കുന്നതിന് എംഎല്‍എ എന്ന നിലയില്‍ ശക്തമായ നിലപാട് താന്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരടിക്കുഴിയില്‍ ഉണ്ടായ ബസ് അപകടത്തെ കുറിച്ചും അത്യന്തം ദുര്‍ഘടമായ രക്ഷാ പ്രവര്‍ത്തനത്തെ കുറിച്ചും എംഎല്‍എ ഓര്‍ത്തെടുത്തു.
പുതുതായി അനുവദിച്ച രാജാക്കാട് അഗ്‌നി രക്ഷാ നിലയത്തില്‍ 18 ജീവനക്കാരെയും അഗ്‌നി രക്ഷാ പ്രവര്‍ത്തനത്തിന് ഒരു ഫയര്‍ എഞ്ചിന്‍ (എം.ടി.യു) അഗ്‌നിബാധയൊഴികെയുള്ള മറ്റ് അപകടങ്ങളിലെ രക്ഷാ പ്രവര്‍ത്തനതിന് അനുയോജ്യമായ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കള്‍ (എം.യു.വി) എന്നിവയാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. മലയോര ഗ്രാമമായ രാജാക്കാട് അഗ്‌നി രക്ഷാ നിലയം യാഥാര്‍ഥ്യമായതോടെ രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടമ്പന്‍ചോല, കൊന്നത്തടി, വെള്ളത്തൂവല്‍ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ അഗ്‌നിരക്ഷാ സേനയുടെ സേവനം പ്രയോജനപ്പെടും. നിലവില്‍ രാജക്കാട് എന്‍.ആര്‍ സിറ്റിയില്‍ വാടക കെട്ടിടത്തിയാണ് അഗ്‌നി രക്ഷാ നിലയം ആരംഭിച്ചിട്ടുള്ളത്.
എന്‍.ആര്‍ സിറ്റിയില്‍ അഗ്‌നി രക്ഷാ നിലയം അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരന്‍, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ തിലോത്തമ സോമന്‍, ജി. ശങ്കര്‍കുമാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.രാജാറാം, വിപിന്‍ ഇ അഗസ്റ്റിന്‍, രാജാക്കാട് മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ് സതി, നിഷ രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ബേബി, ടി.കെ സുജിത്ത്, സന്ധ്യ ബൈജു, ശ്രീജ സനല്‍, ബാബു ജോസഫ്, രാജു സി ആര്‍, ജോഷി കന്യാകുഴിയില്‍, കെ.എം സുധീര്‍, ഗീത പ്രസാദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുമ സുരേന്ദ്രന്‍, ആര്‍ ബാലന്‍പിള്ള, പ്രിന്‍സ് മാത്യു, ഷാജി വയലില്‍, വിവിധ സാമൂഹിക- സാംസ്‌കാരിക - സംഘടനാ പ്രതിനിധികളടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

