ജില്ലയിൽ എല്ലാ രംഗത്തും വലിയ പുരോഗതി: എം.എം മണി എംഎൽഎ
നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജ് രജത ജൂബിലി സ്മാരക മന്ദിരങ്ങളുടെ ശിലാസ്ഥാപനം എം.എം മണി എംഎൽഎ നിർവഹിച്ചു. ഉടുമ്പൻചോല മണ്ഡലത്തിൽ ഉൾപ്പെടെ ജില്ലയിൽ എല്ലാ രംഗത്തും വലിയ പുരോഗതിയുണ്ടായെന്ന് എം.എം മണി എംഎൽഎ പറഞ്ഞു. നെടുങ്കണ്ടം പോളിടെക്നിക്ക് കോളേജ് ഇപ്പോൾ മുന്നേറ്റത്തിൻ്റെ പാതയിലാണ്. പുതിയ മന്ദിരങ്ങൾ പൂർത്തിയാകുന്നതോടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് പഠനത്തിനും, തൊഴിലിനും മികച്ച അവസരങ്ങളുണ്ടാകും. ജനപ്രതിനിധികളുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് കോളേജിന് സ്ഥലം കണ്ടെത്താനും മറ്റ് വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനും കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്സ് ഉൾപ്പെടെ 11 കോടി രൂപയുടെ പദ്ധതികൾക്കാണ് നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ തുടക്കമാകുന്നത്.
പോളിടെക്നിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത ബിനീഷ്, നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.എം ജോൺ, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ജയൻ പി വിജയൻ,മുൻഗ്രാമ പഞ്ചായത്തംഗം എം. സുകുമാരൻ, കോളേജ് അധ്യാപകരായ നിഷാദ് എ, ഡോ. അരുൺ തോമസ്, കോളേജ് പ്രിൻസിപ്പാൾ ബിന കെ എന്നിവർ സംസാരിച്ചു.

