ഭര്‍തൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച സംഭവം; യുവതി പിടിയില്‍
ഭർതൃവീട്ടില് നിന്ന് പണവും സ്വര്ണവും മോഷ്ടിച്ച് മുങ്ങിയ കേസില്‍ യുവതി പിടിയില്‍. ചേർത്തല എസ്‌എല്‍ പുരം കോർത്തുശേരി ആതിര (26) ആണ് പിടിയിലായത്.കോട്ടയത്ത് നിന്നാണ് യുവതിയെ പൂച്ചാക്കല്‍ പോലീസ് പിടികൂടിയത്.മണപ്പുറം കൊച്ചുപറമ്പില്‍ രഘുനാഥന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് ആതിര കവർന്നത്. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്.ഭർതൃവീട്ടില്‍ നിന്ന് 35 പവന് സ്വര്ണവും 30,000 രൂപയുമാണ് തട്ടിയെടുത്തത്. 2024 നവംബറിലാണ് ആതിരയുടെ ഭർതൃ മാതാവ് ചിട്ടി പിടിച്ച 50,000 രൂപയില് നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന് സ്വര്ണവും, ഡയമണ്ട് സ്റ്റഡും വീട്ടില് നിന്ന് മോഷണം പോയതായി അറിയുന്നത്.തുടർന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി.മോഷ്ടിച്ചതിന് പകരം സ്വർണം വാങ്ങി നല്‍കാമെന്ന് ആതിര ഭർത്താവിനെയും കുടുംബത്തെയും അറിയിച്ചു. ഇതുപ്രകാരം 2024 ഓഗസ്റ്റില് കൊച്ചിയിലെ ജ്വലറിയില് ഭര്ത്താവും സഹോദരിയും അമ്മയുമെത്തി. ആതിരയും അച്ഛനും സഹോദരിക്കുമൊപ്പമെത്തി കണക്കനുസരിച്ച് സ്വര്ണം വാങ്ങി.എന്നാല്‍ ഓഫീസില് വച്ച് സ്വര്ണം കൈമാറി കേസ് തീര്പ്പാക്കാനെന്ന് പറഞ്ഞ് അവിടുന്നിറങ്ങിയ ആതിര വീണ്ടും മുങ്ങി. കേസ് ഒടുവില് ഹൈക്കോടതിക്ക് മുന്നിലെത്തുകയും ആതിരയുടെ മുന്കൂര് ജാമ്യം ഹൈക്കോടതി നിഷേധിക്കുകയും ചെയ്തു.

