പെരിയാറില്‍ നാലു പെരുമ്പാമ്പുകളെ ചത്തനിലയില്‍ കണ്ടെത്തി
പെരിയാറില്‍ നാല് പെരുമ്പാമ്പുകളെ ചത്ത നിലയില്‍ കണ്ടെത്തി. തടിയമ്പാടിന് സമീപം പെരിയാറിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം.മത്സ്യബന്ധനത്തിനായി വിരിച്ച വലയിലാണ് പെരുമ്പാമ്പുകളെ ചത്തനിലയില്‍ കണ്ടെത്തിയത്.
ഇതില്‍ രണ്ടു പെരുമ്പാമ്പുകള്‍ മത്സ്യബന്ധന വലയില്‍ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നനിലയിലായിരുന്നു. സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
പെരിയാറില്‍ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർധിച്ചിട്ടുണ്ട്. വിഷാംശം കലർന്ന ജലമോ മലിനീകരണമോ ആയിരിക്കാം പെരുമ്പാമ്പുകള്‍ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മീനുകളും ചത്ത് പൊങ്ങിയിട്ടുണ്ട്.ഫിഷറീസ് വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയോ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവമറിഞ്ഞ് ഇടുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പാമ്പുകളുടെ പോസ്റ്റ്മോർട്ടം നടത്തിയാലേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണവും കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പെരിയാറിലെ ഈ അസാധാരണ സംഭവം പരിസ്ഥിതി സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്.



