ഉപാധി രഹിത പട്ടയം; സതീശന്‍റെ ബഡായി ഇരുണ്ടകാലത്തെ ഓര്‍മ്മപ്പെടുത്തുന്നത്: സി പി ഐ(എം)
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉപാധിരഹിത പട്ടയം നല്‍കുമെന്ന പ്രസ്താവന പ്രതിപക്ഷ നേതാവിന്‍റെ നുണ നിഘണ്ടുവിലെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇടുക്കിക്കാര്‍ ഇന്നലകളെ ഓര്‍ത്തു വയ്ക്കാത്തവരും, വസ്തുതകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വിവേചിച്ചറിയാന്‍ കഴിവില്ലാത്തവരുമാണെന്ന മിഥ്യാധാരണയുടെ മൂര്‍ദ്ധന്ന്യതയില്‍ നിന്നാണ് സതീശന്‍റെ പ്രസ്താവന. 16 ഉപാധികളോടുകൂടിയ പട്ടയം അടിച്ചേല്‍പ്പിച്ച യു ഡി എഫ് സര്‍ക്കാരിന്‍റെ പീഡനം ഏറ്റ് വാങ്ങിയ മലയോര ജനതയുടെ മുഖത്തു നോക്കിയാണ് യു ഡി എഫിന് ഭരണം കിട്ടിയാല്‍ ഉപാധികളില്ലാത്ത പട്ടയം നല്‍കുമെന്ന പ്രഹസന വാഗ്ദാനം.
പട്ടയ വിഷയത്തിലും, സി എച്ച് ആറിലും യു ഡി എഫ് ഒരുക്കിയ ചതിക്കുഴികളും, നിയമക്കുരുക്കുകളും മലയോര കര്‍ഷകര്‍ക്ക് നന്നായി അറിയാം. 4 ഏക്കര്‍ വരെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കാമെന്നിരിക്കെ ഒരേക്കറിന് മാത്രമേ പാടുള്ളൂ എന്നും, ബാക്കിയുള്ള ഭൂമി സര്‍ക്കാരിലേക്ക് വിട്ടുകൊടുത്താലെ പട്ടയം നല്‍കൂ എന്ന ഉപാധി കൊണ്ടുവന്നതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. കൈവശഭൂമി ഉടമകളുടേയും, ഭൂരഹിതരുടേയും അപേക്ഷ ഫോമുകള്‍ ഒന്നാക്കിക്കൊണ്ട് പട്ടയം കിട്ടുന്ന ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന ഉപാധിയും യു ഡി എഫ് സര്‍ക്കാരിന്‍റെ സംഭാവനയാണ്. ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വരുമാനമുള്ളവര്‍ക്ക് പട്ടയത്തിന് അര്‍ഹതയില്ലെന്ന് ഉപാധി കൊണ്ടുവന്നതും, യു ഡി എഫാണ്. 1993 ലെ ചട്ടപ്രകാരം പതിച്ചു കിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന ഏറ്റവും പ്രതിലോമകരമായ ഉപാധി കൊണ്ടുവന്നത് യു ഡി എഫ് ആണ്. പിന്നീട് വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ വന്നപ്പോഴാണ് മുന്‍കാല പ്രാബല്യത്തോടെ ഈ ഉപാധി മാറ്റിയെടുത്തത്.
വസ്തുത ഇതായിരിക്കെ, നുണ പറയാനുള്ള അപാരസിദ്ധി കൊണ്ട് മനുഷ്യരുടെ ഓര്‍മ്മശക്തിയെ പരീക്ഷിക്കുകയാണ് സതീശനും കൂട്ടരും, സി എച്ച് ആര്‍ റവന്യൂ ഭൂമിയാണെന്ന അസന്നിഗ്ധമായ നിലപാട് സ്വീകരിച്ചിട്ടുള്ളതും എല്‍ ഡി എഫും സര്‍ക്കാരുകളാണ്. 2007 ല്‍ വി എസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാര്‍ സി എച്ച് ആര്‍ റവന്യൂ ഭൂമിയാണെന്നുള്ള 7 സത്യവാങ്മൂലം കൂടി വിവിധ ഘട്ടങ്ങളില്‍ നല്‍കി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സി എച്ച് ആര്‍ വനഭൂമിയാണെന്നുള്ള മന്ത്രിസഭാ തീരുമാനം സുപ്രീംകോടതിയില്‍ പരിസ്ഥിതി സംഘടനകള്‍ എത്തിച്ചതാണ് ഇപ്പോഴും കേസ് തുടരാന്‍ കാരണം. കോണ്‍ഗ്രസിലെ എ സുജനപാല്‍ വനം മന്ത്രിയായിരിക്കെ സി എച്ച് ആര്‍ വനഭൂമിയാണെന്ന റിപ്പോര്‍ട്ടും സുപ്രീംകോടതിയ്ക്ക് നല്‍കിയിട്ടുണ്ട്. യാഥാര്‍ത്ഥ്യമിതായിരിക്കെ, സി എച്ച് ആര്‍ പ്രശ്നത്തിലും സതീശന്‍ നുണ ആവര്‍ത്തിക്കുമ്പോള്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരികയാണ്.
ഏലമല പ്രദേശത്ത് പട്ടയം നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. ഷോപ്പ് സൈറ്റുകള്‍ക്കൊപ്പം പദ്ധതി പ്രദേശങ്ങളിലും പട്ടയം നല്‍കുകയാണ്. 44000 ഉപാധി രഹിത പട്ടയം എല്‍ ഡി എഫ് സര്‍ക്കാര്‍ ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. ആ ജനങ്ങളോടാണ് സതീശന്‍റെ ബഡായി. അപാരമായ തൊലിക്കട്ടിയും, നുണവൈഭവവും മറ്റുള്ളവരുടെ ഓര്‍മ്മകളെ പരീക്ഷിക്കാനുള്ള പരിഹാസബുദ്ധിയുമുള്ള സതീശന്‍മാര്‍ക്കേ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയൂ. എല്‍ ഡി എഫ് ഉയര്‍ത്തുന്ന തെളിനീരുപോലെ വ്യക്തവും സ്ഫടികതുല്യമായ വസ്തുതകള്‍ക്കും, തെളിവുകള്‍ക്കും മുന്നില്‍ നുണേശന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും, ഇത്തരം ബഡായികള്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടിയിലേയ്ക്ക് വലിച്ചെറിയപ്പെടുമെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.



