ഇടുക്കിയിലെ പട്ടയ വിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കി; തടസ്സങ്ങള്‍ നീക്കി അതിവേഗ പരിഹാരമെന്ന് മന്ത്രി റോഷി
ജില്ലയിലെ പട്ടയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും പട്ടയ വിതരണം വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യൂ-ജലസേചന മന്ത്രിമാര്‍, അഡ്വക്കേറ്റ് ജനറല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ പുരോഗതിയാണ് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 28-ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടയ നടപടികള്‍ ത്വരിതപ്പെടുത്താന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങള്‍ താഴെ നല്‍കുന്നു.
കല്ലാര്‍കുട്ടി പ്രദേശം: ഇവിടുത്തെ കൈവശക്കാരുടെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ 7 ചെയിന്‍ വരെയുള്ള പ്രദേശങ്ങളില്‍ പട്ടയം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അപേക്ഷകള്‍ സ്വീകരിച്ചു വരികയാണ്. തടസ്സങ്ങള്‍ ഒഴിവാക്കിയാല്‍ അടിയന്തരമായി ഇടപെട്ട് ജനങ്ങളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെങ്കുളം ഡാം പ്രദേശം: ജണ്ടയ്ക്ക് പുറത്തുവരുന്ന വസ്തുവിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ തടസ്സമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ഡാമിലേക്കുള്ള നീരൊഴുക്കിനെ തടസ്സപ്പെടുത്താത്ത സ്ഥലങ്ങളില്‍ അതിവേഗം പട്ടയം അനുവദിക്കാനും അപേക്ഷകള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊന്‍മുടി പ്രദേശം: 10 ചെയിനിനു പുറത്തുള്ള കൈവശ ഭൂമികളില്‍ ഭൂപതിവ് നിയമം 12 (1) പ്രകാരമുള്ള നോട്ടീസ് ഇതിനോടകം പരസ്യപ്പെടുത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടയം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി.
ഏലം രജിസ്റ്റര്‍ ഭൂമി: ലാന്‍ഡ് രജിസ്റ്ററില്‍ 'ഏലം' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ക്ക് പട്ടയം നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 28,588 ഹെക്ടര്‍ സ്ഥലത്താണ് ഇതു ബാധകമാവുക. ഇനിയും അപേക്ഷിക്കാത്ത കൈവശക്കാര്‍ക്ക് 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 23 വരെ സമയം അനുവദിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫെബ്രുവരി 21-ന് വീണ്ടും കത്ത് നല്‍കുകയും, തഹസില്‍ദാര്‍മാരെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 26-ന് നടക്കുന്ന പട്ടയമേളയില്‍ ഈ മേഖലയില്‍ പെട്ടവര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്.
കട്ടപ്പന ഷോപ്പ് സൈറ്റുകള്‍: 1995-ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സി.എച്ച്.ആര്‍ മേഖലയില്‍ നിന്നും വിളപരിവര്‍ത്തനം നടത്തിയ ഭൂമിയായി കണ്ടെത്തിയ പ്രദേശമാണ് കട്ടപ്പന ടൗണ്‍ഷിപ്പ്. അതിനാല്‍ 1993-ലെ പ്രത്യേക ചട്ടങ്ങള്‍ പ്രകാരം ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ വ്യവസ്ഥയുണ്ട്. കെട്ടിടങ്ങളുടെ വലിപ്പം പരിഗണിക്കാതെ പട്ടയം നല്‍കാം എന്ന് വ്യക്തമാക്കി 18-10-2025-ല്‍ സര്‍ക്കാര്‍ ഉത്തരവ് (സ.ഉ. നം. 308/2025 റവന്യൂ) പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലുള്ള നിലവിലെ കേസുകള്‍ ഈ വസ്തുവിന് ബാധകമല്ല എന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാഞ്ചിയാര്‍ - തേക്ക് പ്ലാന്റേഷന്‍: കാഞ്ചിയാര്‍ വില്ലേജില്‍ ബി.ടി.ആര്‍ പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് (തേക്ക് പ്ലാന്റേഷന്‍) എന്ന് രേഖപ്പെടുത്തിയ, എന്നാല്‍ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കും. ഏകദേശം 70 വര്‍ഷമായി ഇവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി, വനംവകുപ്പുമായി ചര്‍ച്ച നടത്തിയതിലൂടെയാണ് ഇതിന് തടസ്സമില്ലെന്ന് കണ്ടെത്തിയത്. തഹസില്‍ദാര്‍മാര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ നേരിട്ട് പരിഹരിച്ചു നല്‍കുകയും ചെയ്തു.
കാഞ്ചിയാര്‍ - കോഴിമല: കാഞ്ചിയാറിലെ കോഴിമല ഭാഗത്ത് ബി.ടി.ആറില്‍ 'പാറ' എന്ന് തെറ്റായി രേഖപ്പെടുത്തിയ ഭൂമിയില്‍ താമസക്കാരുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ വിശദമായ പഠനം നടത്തി. ഇവിടെ പാറയില്ലെന്നും, ഇത് സി.എച്ച്.ആറില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ട വസ്തുവാണെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 1993-ലെ പ്രത്യേക ചട്ടപ്രകാരം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
കാലതാമസമില്ലാതെ ഇടുക്കിയിലെ മുഴുവന്‍ അര്‍ഹരായ ജനങ്ങള്‍ക്കും ഭൂമിയുടെ അവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റവന്യൂ വകുപ്പും മറ്റ് വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനായി തുടരുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.



