വെടിയേറ്റിട്ടും കുലുങ്ങിയില്ല; കിഷ്ത്വാറില്‍ 3 ഭീകരരെ വധിക്കാൻ വഴികാട്ടിയായി ധീരനായ 'ടൈസണ്‍
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് 'ടൈസണ്‍' എന്ന സൈനിക നായയുടെ അസാമാന്യ ധീരത.കാലിന് വെടിയേറ്റിട്ടും പിന്മാറാതെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ ടൈസണ്‍ സൈനികർക്ക് വഴികാട്ടിയായി.
ഇന്ത്യൻ സൈന്യത്തിന്റെ 2 പാരാ (സ്പെഷ്യല്‍ ഫോഴ്സ്) വിഭാഗത്തിലെ ജർമ്മൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായയാണ് ടൈസണ്‍. കിഷ്ത്വാറിലെ ചത്രൂ മേഖലയിലെ ദുർഘടമായ വനപ്രദേശത്ത് നടന്ന തിരച്ചിലിനിടെയാണ് സംഭവം. ഭീകരരുടെ ഒളിത്താവളത്തിലേക്ക് പതുങ്ങിക്കയറിയ ടൈസണ് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റെങ്കിലും വേദന വകവെക്കാതെ ടൈസണ്‍ മുന്നോട്ട് നീങ്ങിയത് സൈനികർക്ക് ഭീകരരുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാൻ സഹായിച്ചു.തുടർന്ന് നടന്ന കമാൻഡോ ഓപ്പറേഷനില്‍ ജെയ്ഷെ മുഹമ്മദ് ഭീകരൻ സൈഫുള്ള ഉള്‍പ്പെടെ മൂന്ന് പേരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മേഖലയില്‍ ഒളിവിലായിരുന്ന സൈഫുള്ള, ഇരുപതോളം തവണ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് രണ്ട് എകെ-47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.പരിക്കേറ്റ ടൈസണെ ഉടനടി ഹെലികോപ്റ്റർ മാർഗ്ഗം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. നിലവില്‍ ടൈസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. 2024 ഒക്ടോബറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജീവൻ ബലിയർപ്പിച്ച ‘ഫാന്റം’ എന്ന സൈനിക നായയുടെ ധീരതയെ അനുസ്മരിപ്പിക്കുന്നതാണ് ടൈസന്റെ ഈ പോരാട്ടമെന്ന് സൈന്യം വ്യക്തമാക്കി.സ0സ്ഥാന പോലീസ്, സിആർപിഎഫ്, സ്പെഷ്യല്‍ ഫോഴ്സ് എന്നിവർ സംയുക്തമായാണ് ‘ഓപ്പറേഷൻ ട്രാഷി-1’ (Operation Trashi-I) എന്ന ഈ ദൗത്യം പൂർത്തിയാക്കിയത്. ഭീകരരെ വധിച്ചതോടെ മേഖലയിലെ ജനങ്ങള്‍ ആശ്വാസത്തിലാണ്



