മലയോര ഹൈവേയില്‍ മിലിന്ദ് സോമന്റെ നേതൃത്വത്തില്‍ ഹില്‍ ഹൈവേ റണ്‍ 22 ന്
ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ ഇടുക്കിയിലെ മലയോര ഹൈവേയില്‍ ഓടാനെത്തുന്നു. കിഫ്ബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹില്‍ ഹൈവേ റണ്‍ ഫെബ്രുവരി 22 ന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കുട്ടിക്കാനത്ത് മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് ഓടുക. തുടര്‍ന്ന് തുറന്ന ജീപ്പില്‍ വിവിധ കട്ടപ്പന ഇതുപതേക്കര്‍ വരെ സഞ്ചരിക്കും. അവിടെ നിന്ന് കട്ടപ്പന മിനി മുനിസിപ്പല്‍ സ്റ്റേഡിയം വരെ റണ്‍ തുടരും. കട്ടപ്പന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വനിതാ ബൈക്ക് റൈഡര്‍മാര്‍, സ്‌കേറ്റിംഗ് ടീമുകള്‍, സൈക്ലിംഗ്, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ ഹില്‍ റണ്ണില്‍ അണിനിരക്കും. കിഫ്ബിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ റണ്ണില്‍ പങ്കെടുക്കാന്‍ 2000 ത്തിലധികം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹില്‍ ഹൈവേ റണ്ണിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഹില്‍ റണ്ണിന് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടിയുടെ സംഘാടനം. മെഡിക്കല്‍ ടീമും ആംബുലന്‍സ് സേവനവും റണ്‍ നടക്കുന്ന വഴിയിലുടനീളം സജ്ജമായിരിക്കും. ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. സമീപത്തുള്ള ആശുപത്രികളിലുള്ള ഡോക്ടര്‍മാരുടെ സംഘത്തോടും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കും. വാഹന ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി.
ജില്ലയില്‍ കുട്ടിക്കാനം മുതല്‍ പുളിയന്‍മല വരെ 40. 050 കി.മീറ്ററിലാണ് മലയോര ഹൈവേ. കിഫ്ബിയില്‍ നിന്നും 2017 ല്‍ 203.36 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതല്‍ ചാപ്പത്ത് വരെയുള്ള ഭാഗവും തുടര്‍ന്ന് തൊട്ടടുത്ത 3 ഘട്ടങ്ങളിലായി ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗവും പൂര്‍ത്തീകരിച്ചു. കട്ടപ്പന അമ്പലക്കവല മുതല്‍ പുളിയന്‍മല വരെയുള്ളതാണ് നാലാം ഘട്ടം.
ആധുനിക സാങ്കേതിക വിദ്യയോട് കൂടിയ ബിഎംബിസി നിലവാരത്തില്‍ 9 മീറ്റര്‍ വീതിയില്‍ ടാറിങും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയുമായിട്ടാണ് റോഡ് നിര്‍മ്മാണം. റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിര്‍മ്മാണം, സംരക്ഷണഭിത്തി നിര്‍മ്മാണം, റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.



